ഗൂഡല്ലൂർ > നാടുകാണി ജീൻപൂൾ ഗാർഡനിൽ മീനുകളെ സംരക്ഷിക്കാൻ 25 ലക്ഷം രൂപ ചെലവിൽ വനംവകുപ്പിന്റെ അക്വേറിയം നിർമാണം. തമിഴ്നാട്ടിൽ കളക്കാട് മുണ്ടൻ തറ എന്ന സ്ഥലത്താണ് ഒന്നാം സ്ഥാനത്തു നിൽക്കുന്ന അക്വേറിയം. നാടുകാണിയിൽ നിർമിക്കുന്നത് തമിഴ്നാട്ടിലെ രണ്ടാംസ്ഥാനത്തുള്ളതാണെന്ന് വനംവകുപ്പ് പറഞ്ഞു.
നീലഗിരിയിൽ തോടും പുഴകളും വറ്റി വരണ്ടും മലിനജലം ഒഴുകിയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞും മീനുകൾക്ക് വംശനാശം സംഭവിക്കുകയാണ്. ഈ മീനുകളെ സംരക്ഷിക്കാനാണ് അക്വേറിയം നിർമിക്കുന്നത്. നീലഗിരി വനമേഖലയിൽ ഒഴുകുന്ന തോടുകളിലും പുഴകളിലും നടത്തിയ കണക്കെടുപ്പിൽ 110 ഇനം മീനുകളെ കണ്ടെത്തിയിട്ടുണ്ട്.
ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ ഒഴുകുന്ന തോടുകളിലും പുഴകളിലും 33 ഇനം കണ്ടെത്തി. ഇത് മുഴുവനും വനംവകുപ്പ് ശേഖരിച്ചാണ് പുതിയ അക്വേറിയത്തിൽ നിക്ഷേപിക്കുന്നത്. പുഴ വറ്റുകയും മാലിന്യങ്ങൾകൊണ്ട് മലീമസമായാലും മീനുകൾ നഷ്ടപ്പെടില്ലെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിനാണ് നാടുകാണി ജീൻപൂൾ പാർക്ക് തന്നെ തെരഞ്ഞെടുത്തത്. മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽനിന്ന് സഞ്ചാരികളായി വരുന്നവർക്ക് നാടുകാണി ജീൻപൂൾ ആണ് സഞ്ചാരികളെയും കുട്ടികളെ ആദ്യമായിട്ട് വരവേൽക്കുന്ന ടൂറിസ്റ്റ് കേന്ദ്രം.