ഫറോക്ക് > ബേപ്പൂരിന്റെ പ്രകൃതി സമ്പത്ത്, വിനോദ സഞ്ചാരം, തുറമുഖം, വ്യവസായം, വാണിജ്യം, മത്സ്യബന്ധനം, പരമ്പരാഗത വ്യവസായങ്ങൾ തുടങ്ങിയ മേഖലകളെ കൂട്ടിയിണക്കി വികസന പദ്ധതി തയാറാക്കുന്നു. രാജ്യാന്തര നിലവാരത്തിലുള്ള ബഹുമുഖ പദ്ധതിയുടെ കരട് രൂപരേഖ മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളുമുൾപ്പെട്ട വേദിയിൽ അവതരിപ്പിച്ചിരുന്നു.
വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 680 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മലബാറിന്റെ വ്യാപാര – വാണിജ്യ വികസനത്തിന് മുതൽക്കൂട്ടാകുന്ന വിധം ബേപ്പൂർ തുറമുഖത്തെ റാസ് -അൽ -ഖൈമ “അൽ ജസീറ’ മാതൃകയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും. ഫിഷിങ് ഹാർബറും അനുബന്ധ മേഖലകളും കൂട്ടിയിണക്കി നിരവധി പദ്ധതികളുണ്ട്. ഫിഷിങ് സ്കിൽ ഡെവലപ്മെന്റ് സെന്റർ, കിൻഫ്ര മറൈൻ പാർക്ക്, ബോട്ട് നിർമാണ–– റിപ്പയറിങ് സെന്റർ എന്നിവയുമുണ്ട്.
ബേപ്പൂരിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി “ഉത്തരവാദ ടൂറിസം’ നടപ്പാക്കും. ഓട്ടുകമ്പനികൾ, കയർ ഫാക്ടറികൾ തുടങ്ങിയവയെ ബന്ധപ്പെടുത്തിയുള്ള വികസനവും സാധ്യമാക്കും. നദീതീരങ്ങൾ കേന്ദ്രീകരിച്ച് ഹോം സ്റ്റേകൾ, കാക്കത്തുരുത്ത് ഉൾപ്പെടുത്തി ദ്വീപുകളിലെ ടൂറിസം, കമ്യൂണിറ്റി റിസർവ് മേഖലയിലെ ടൂറിസം സാധ്യതകൾ പരിപോഷിപ്പിക്കൽ, ചാലിയത്ത് ലൈറ്റ് ആൻഡ് ലേസർ ഷോ, കമ്യൂണിറ്റി വികസന പദ്ധതികൾ, കടൽതീര മണ്ണൊലിപ്പ് തടയൽ, ഭവന നിർമാണം, ഫുട്ബോൾ സ്റ്റേഡിയം, പ്രാദേശിക കരകൗശല നൈപുണി വികസനം തുടങ്ങിയവും മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബർ ഡിസൈനേഴ്സ് ഇന്ത്യ കേരള ചാപ്റ്ററാണ് പദ്ധതിയുടെ കരട് രൂപരേഖ തയാറാക്കിയത്. പൊതുജനങ്ങൾ, വിവിധ മേഖലകളിലെ വിദഗ്ധർ തുടങ്ങിയവരിൽനിന്നുള്ള അഭിപ്രായങ്ങൾകൂടി ശേഖരിച്ചാണ് പദ്ധതിക്ക് അന്തിമരൂപം നൽകുകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തിമ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനായി കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.