കൊച്ചി: കണ്ണൂർ ജില്ലയിലെ പാർട്ടി ഗുണ്ടാസംഘങ്ങളേയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരേയും സംരക്ഷിക്കുകയാണെന്നും ഇത്തരക്കാരെ പാർട്ടിക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാമനാട്ടുകരയിലെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് സി പി എം ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ ജില്ലയിലെ പാർട്ടി ഗുണ്ടാസംഘങ്ങളേയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരേയും സംരക്ഷിക്കുകയാണ്. പാർട്ടിക്കുവേണ്ടി ഇത്തരക്കാരെ ഉപയോഗിക്കുകയാണ്. രാമനാട്ടുകരയിലെ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടെന്നു സംശയിക്കുന്ന അഴീക്കോട് സ്വദേശി അർജുൻ ആയങ്കിക്ക് സി പി എം ബന്ധമുണ്ടെന്നതിന് വളരെ വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറി ഇയാൾക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളുടെ ഫോൺ സംഭാഷണമടക്കമുള്ള വിവരങ്ങൾ പുറത്തുവരുകയാണ് ഉണ്ടായത്.
പെരിയ കൊലക്കേസിലെ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് നാന്നൂറ്റി അമ്പത് പേർക്ക് നടത്തിയ അഭിമുഖത്തിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ കൊടുത്തു. പാർട്ടിക്ക് വേണ്ടി എന്ത് വൃത്തികേടുകൾ ചെയ്താലും നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും പാർട്ടിസംരക്ഷിക്കും എന്ന ഉറപ്പ് നൽകുമെന്ന സന്ദേശമാണ്
അതിൽ നിന്ന് കിട്ടുന്നത്. അത് തന്നെയാണ് ഇവിടേയും ഉണ്ടാകാൻ പോകുന്നത്. ഇത്രയും വലിയൊരു രാഷ്ട്രീയപാർട്ടി ഇത്തരക്കാരെ സംരക്ഷിക്കുന്നു എന്നത് പാർട്ടിയുടെ എത്ര വലിയ പതനമാണെന്നും അത്തരമൊരു ഗതികേടിലേക്കാണ് സി പി എം എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവത്തിലെ കണ്ണൂർ സ്വദേശികളായ പ്രതികളിൽ ചിലർ സി.പി.എമ്മിലെ സൈബർസംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി. അതേസമയം സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സി പി എം ഒരിക്കലും സംരക്ഷിക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
Content Highlights:Leader of opposition VD Satheeshan slams CPM on Ramanattukara gold smuggling case