തിരുവനന്തപുരം> ജില്ലയിലെ വസ്ത്രനിർമാണ സ്ഥാപനമായ വീവേഴ്സ് വില്ലേജിൽനിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സ്ഥാപനത്തിന്റെ ഉടമ ശോഭ വിശ്വനാഥിനെ പ്രതിയാക്കാൻ മുൻ സുഹൃത്താണ് കള്ളക്കേസുണ്ടാക്കിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. വിവാഹ അഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായി, നഗരത്തിലെ സ്വകാര്യ ആശുപത്രി ഉടമയുടെ മകൻ ഹരീഷ് ഹരിദാസാണ് കള്ളക്കേസിൽ കുടുക്കിയതെന്നാണ് കണ്ടെത്തൽ.
ജനുവരി 21നാണ് വഴുതക്കാട് വീവേഴ്സ് വില്ലേജിൽനിന്ന് 480 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ശോഭയെ അറസ്റ്റ് ചെയ്തെങ്കിലും അടുത്ത ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. നിരപരാധിയാണെന്നും കേസിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ശോഭ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
സാമ്പത്തിക ക്രമക്കേടിന് സ്ഥാപനത്തിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് പുറത്താക്കിയ ജീവനക്കാരൻ വിവേക് രാജിന്റെ സഹായത്തോടെയാണ് കഞ്ചാവ് ഒളിപ്പിച്ചത്. പിന്നീട് വസ്ത്രസ്ഥാപനത്തിൽ ലഹരി വിൽപ്പന ഉണ്ടെന്ന് ഹരീഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. കേസിൽ വിവേകും അറസ്റ്റിലായി. ഹരീഷിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ബ്രിട്ടീഷ് പൗരത്വമുള്ള ഇയാൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യം ലഭിച്ചാൽ ഹരീഷ് രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് ശോഭ പറയുന്നു.
ശോഭയ്ക്കെതിരായ കേസ് ക്രൈംബ്രാഞ്ച് റദ്ദാക്കി.
ഹരീഷിനെയും വിവേക് രാജിനെയും പ്രതിയാക്കി പുതിയ എഫ്ഐആറും കോടതിയിൽ സമർപ്പിച്ചു. ഹരീഷിനെ സഹായിച്ചവരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടൻ പറഞ്ഞു.