തിരുവനന്തപുരം: ഗാർഹിക പീഡന പരാതികൾ തീർപ്പാക്കാതെ കിടക്കുമ്പോഴും സംസ്ഥാന വനിതാ കമ്മീഷനിൽ കോടികളുടെ ധൂർത്ത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾക്കായി കോടികളാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ രണ്ട് മാസമായി കമ്മീഷന് അനുവദിച്ചത്.
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് മുന്നിലെത്തിയ പരാതികൾ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ വനിത കമ്മീഷന് സർക്കാരിനോട് പണം ചോദിക്കുന്നതിൽ ഒരു വീഴ്ചയുമുണ്ടായില്ലെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്. ചില പ്രവർത്തനങ്ങൾക്ക് വനിത കമ്മീഷൻ ഉയർന്ന ചെലവാണ് കണക്കാക്കിയത്.
സ്ത്രീകളോടുള്ള വിവേചനം തടയുന്നതിനും തുല്യത ഉറപ്പാക്കാനും നിയമ ശിൽപശാലയും 238 സെമിനാറും നടത്താൻ 1.57 കോടി രൂപയാണ് വനിത കമ്മീഷൻ മേയ് മാസത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഈ പരിപാടികൾ നടത്താൻ ഇത്രയധികം തുക ആവശ്യമില്ലെന്ന വിലയിരുത്തിലിൽ തുക വെട്ടിക്കുറിച്ച് 75 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചത്.
കൗൺസിലിങിനായി 120 ജാഗ്രത സമിതികൾ രൂപീകരിക്കാൻ 60 ലക്ഷം രൂപയും ഫാമിലി കൗൺസിലിങ് കേന്ദ്രത്തിലേക്ക് രണ്ട് പാർട്ട്ടൈം സൈക്കോളജിസ്റ്റിനെ നിയമിക്കാൻ 10.8 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. കമ്മീഷന്റെ പ്രസിദ്ധീകരണം പുറത്തിറക്കാൻ ആറ് ലക്ഷം രൂപയും സർക്കാർ നൽകി.
പരിപാടികൾ നടത്താൻ ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണങ്ങൾ അടക്കം ഉന്നയിച്ച് 27.45 ലക്ഷം രൂപയും കമ്മീഷൻ ചോദിച്ചു. വനിത കമ്മീഷന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 5.45 ലക്ഷം രൂപയാണ് ഏറ്റവും ഒടുവിലായി ജൂൺ 20ന് സാമൂഹ്യനീതി വകുപ്പ് നൽകിയത്. വാഹനം വാങ്ങുന്നതിനും നിയമനത്തിനും പ്രത്യേക പദ്ധതി സമർപ്പിക്കനും കമ്മീഷനോട് നിർദേശിച്ചിരുന്നു.
content highlights:state women commission was allotted crores in last two months