കൊച്ചി
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കാത്തലിക് ഫോറം നേതാവ് തിരുവല്ല കാവുംഭാഗം പെരുന്തുരുത്തി പഴയചിറയിൽ ബിനു പി ചാക്കോ (46)യെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിൽ ജോലി വാങ്ങിനൽകാമെന്നു പറഞ്ഞ് ആറുമാസംമുമ്പ് ഇടുക്കി സ്വദേശിനിയിൽനിന്ന് 3.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സുഹൃത്ത് വഴിയാണ് ബിനുവിനെ യുവതി പരിചയപ്പെട്ടത്. ആറുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. മുൻകൂറായി 3.50 ലക്ഷം രൂപ നൽകി. പിന്നീട് യുവതി ഫോണിൽ വിളിച്ചിട്ടും ബിനു സംസാരിക്കാൻ തയ്യാറായില്ല.
മാസങ്ങൾ കഴിഞ്ഞും ജോലി കിട്ടാതായതോടെയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ബിനു നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൂന്നുമാസമായി കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഫ്ലാറ്റിൽ കഴിഞ്ഞ പ്രതിയെ സൈബർസെല്ലിന്റെ സഹായത്തോടെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ബാങ്ക്, റെയിൽവേ, ഐഒസി എന്നിവിടങ്ങളിലും വിദേശത്തും ജോലിയും കോഴ്സുകൾക്ക് പ്രവേശനവും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. 2010 മുതൽ കേരളത്തിൽ പലയിടങ്ങളിലായി സമാനസ്വഭാവമുള്ള കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചു. കത്തോലിക്കാ സ്ഥാപനങ്ങളിൽ എംബിബിഎസ് കോഴ്സിന് സീറ്റ് വാഗ്ദാനം നൽകി 21 ലക്ഷം രൂപ തട്ടിയ കേസിൽ ബിനുവിനെ നവംബറിൽ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യത്തിൽ ഇറങ്ങി വീണ്ടും തട്ടിപ്പ് തുടർന്നു. ഇടുക്കി കഞ്ഞിക്കുഴി, കോട്ടയം വെസ്റ്റ്, കുറവിലങ്ങാട്, ചങ്ങനാശേരി, മണ്ണാർക്കാട്, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ആഡംബര ഹോട്ടലുകളിൽ മുറിയെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. ചെക്ക് കേസുമുണ്ട്. വിവിധ മാധ്യമസ്ഥാപനങ്ങളുടെ പേരിൽ തിരിച്ചറിയൽ കാർഡുണ്ടാക്കിയും തട്ടിപ്പ് നടത്തിയിരുന്നു.