തിരുവനന്തപുരം
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽനിന്ന് ഓൺലൈനായി പിഴ ഈടാക്കുന്ന ഇ ചെലാൻ സംവിധാനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ഓൺലൈനിൽ നിർവഹിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ ചെലാൻ സംവിധാനം നിലവിൽ വന്നു.
വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണ് ഇ ചെലാൻ. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ ഈ സംവിധാനം കഴിഞ്ഞ വർഷം നിലവിൽ വന്നു. 11 മാസത്തിനിടെ ഈ അഞ്ച് പ്രധാന നഗരത്തിൽ നിന്നായി 17 കോടിയിലധികം രൂപയാണ് ഇ ചെലാൻ വഴി പിഴയായി ഈടാക്കിയത്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തിൽ വാഹനത്തിന്റെ നമ്പരോ ഡ്രൈവിങ് ലൈസൻസ് നമ്പരോ നൽകിയാൽ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാം. വാഹനപരിശോധനയ്ക്കിടെ രേഖകൾ നേരിട്ട് പരിശോധിക്കുന്നത് മൂലമുളള സമയനഷ്ടം പരിഹരിക്കാൻ ഇതിലൂടെ കഴിയും. പിഴ അടയ്ക്കാനുളളവർക്ക് ഓൺലൈൻ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കാനും കഴിയും. ഇത്തരം സംവിധാനങ്ങൾ കൈവശം ഇല്ലാത്തവർക്ക് പിഴ അടയ്ക്കാൻ പ്രത്യേകം സൗകര്യം ഏർപ്പെടുത്തും. കേസുകൾ വെർച്വൽ കോടതിയിലേക്ക് കൈമാറാനും ഈ സംവിധാനത്തിലൂടെ കഴിയും.