കണ്ണൂർ
സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ നിലപാടെടുത്തിട്ടും മാധ്യമങ്ങൾ സിപിഐ എമ്മിനെ പഴിചാരാൻ ശ്രമിക്കുന്നത് ദുഷ്ടലാക്കോടെ. ഇപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്ക് സിപിഐ എമ്മുമായി ഒരു ബന്ധവുമില്ല. അവരിൽ ചിലർ നവമാധ്യമങ്ങളിൽ തങ്ങൾ സിപിഐ എം കാരാണെന്ന നിലയിലിട്ട പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങളുടെ കള്ളപ്രചാരണം. ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരാൾക്കും പാർടിയിൽ സ്ഥാനമുണ്ടാകില്ലെന്ന് സിപിഐ എം അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്.
അതേസമയം, ഇത്തരം സംഘത്തിൽപ്പെട്ട പലർക്കും മറ്റു രാഷ്ട്രീയ പാർടികളുമായി നേരിട്ടും അല്ലാതെയും ബന്ധമുണ്ട്. സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ്സുകാർവരെ ഈ സംഘത്തിലുണ്ട്. കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരുമുണ്ട്.
എന്നാൽ, ആ പാർടികളൊന്നും ഈ സംഘങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, സംരക്ഷിച്ച് നിർത്തുകയുമാണ്. ഇത്തരക്കാർക്ക് ഒത്താശ ചെയ്യുന്നതും ഈ പാർടികളിലെ ചില നേതാക്കളാണ്.
സിപിഐ എമ്മിന് രാഷ്ട്രീയ പ്രചാരണങ്ങൾക്കോ സംരക്ഷണത്തിനോ ക്വട്ടേഷൻ സംഘങ്ങളുടെ സഹായം ആവശ്യമില്ല. ഇതുപോലെ ധീരമായ നിലപാട് മറ്റു രാഷ്ട്രീയപാർടികളും സ്വീകരിക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. ക്വട്ടേഷന് രാഷ്ട്രീയമില്ലെന്നും അതിലേർപ്പെടുന്നവർ സാമൂഹ്യദ്രോഹികളാണെന്നും പരസ്യമായി പറഞ്ഞതും സിപിഐ എം മാത്രമാണ്. വെണ്ടുട്ടായി ക്വട്ടേഷൻ സംഘത്തിന്റെ ക്രൂരത ഒരു മുഖ്യധാരാ മാധ്യമം പുറത്തുകൊണ്ടുവന്നിട്ടും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷി ഒരു നടപടിയും സ്വീകരിച്ചില്ല.
ഇതെല്ലാം മൂടിവച്ചാണ് തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന സിപിഐ എമ്മിനെ ആക്രമിക്കുന്നത്. ചുകന്ന മുണ്ടും ഷർട്ടും ധരിച്ച് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരെല്ലാം സിപിഐ എം കാരാണെന്ന വ്യാഖ്യാനം പരിഹാസ്യമാണ്.ചുവന്ന ഫ്രെയിമിൽ പ്രൊഫൈൽ ഫോട്ടോ വച്ച് കള്ളക്കടത്ത് നടത്തുന്നവർ പ്രസ്ഥാനവുമായി ബന്ധമില്ലാത്തവരാണെന്നും ഇവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും ഡിവൈഎഫ്ഐയും വ്യക്തമാക്കിയതാണ്. ലഹരി മാഫിയ, കള്ളക്കടത്തു സംഘങ്ങൾക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തില്ലങ്കേരി ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ലഹരിമാഫിയ, ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ജാഗ്രതാറാലിയും സംഘടിപ്പിച്ചിരുന്നു.