കൊച്ചി
കവരത്തി പൊലീസ് പിടിച്ചെടുത്ത ഫോൺ തിരിച്ചുകിട്ടാതെ ലക്ഷദ്വീപ് സ്വദേശിയായ സിനിമാ സംവിധായിക ആയിഷ സുൽത്താന കൊച്ചിക്ക് മടങ്ങി. ബിജെപി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്നാണ് ശനിയാഴ്ച ഉച്ചയോടെ ആയിഷ കൊച്ചിക്ക് മടങ്ങിയത്. കവരത്തിയിൽനിന്ന് പോരുംമുമ്പ് ഫോൺ തിരികെ തരാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് ആയിഷ പറഞ്ഞു.
‘പൊലീസ് എന്തിനെയോ ഭയക്കുന്നതായി തോന്നി. കേസിന്റെ പേരിൽ അവർക്കുമേൽ സമ്മർദങ്ങളുള്ളതാകാം കാരണം. ആദ്യ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിൽ സാമൂഹ്യമാധ്യമ അക്കൗണ്ടുകളെക്കുറിച്ചും വിദേശരാജ്യങ്ങളിലെ സൗഹൃദങ്ങളെക്കുറിച്ചുമാണ് പൊലീസ് ചോദിച്ചത്. കോടതി ജാമ്യം അനുവദിച്ച ദിവസം സ്റ്റേഷനിൽ വിളിച്ചുവരുത്തി ഫോൺ വാങ്ങി. അത്യാവശ്യമുള്ള നമ്പരുകൾപോലും പകർത്തിയെടുക്കാൻ സാവകാശം തന്നില്ല. വീട്ടുകാരെയും അടുത്ത സുഹൃത്തുക്കളെയും ബന്ധപ്പെടാനാകാത്ത അവസ്ഥയിലാണ്. കവരത്തിയിൽനിന്ന് വിമാനം കയറുംമുമ്പും ഫോൺ തിരികെ ആവശ്യപ്പെട്ടു. ഇങ്ങനെ ഉപദ്രവിക്കുന്നതിലും ഭേദം അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നതാണ്’–- ആയിഷ പറഞ്ഞു.
ഉച്ചയോടെ കൊച്ചിയിൽ എത്തേണ്ട വിമാനം മോശം കാലാവസ്ഥമൂലം കോയമ്പത്തൂരിലാണ് ഇറക്കിയത്. പിന്നീട് മറ്റൊരു വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ആയിഷ കവരത്തി പൊലീസിൽ ഹാജരായത്. കഴിഞ്ഞ ഞായറാഴ്ചയും ബുധനാഴ്ചയും 10 മണിക്കൂറോളം ചോദ്യം ചെയ്തു. വ്യാഴാഴ്ച വീണ്ടും വിളിച്ചുവരുത്തിയാണ് മൊബൈൽഫോൺ കസ്റ്റഡിയിലെടുത്തത്.