സെവിയ്യ
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായൊരു ദിനം. ലോക ഫുട്ബോൾ ചരിത്രത്തിൽ കൂടുതൽ രാജ്യാന്തര ഗോളെന്ന അനുപമനേട്ടത്തിലേക്ക് ഒരു ചുവടുമാത്രം അകലെയാണ് റൊണാൾഡോ. ഇന്ന് യൂറോ പ്രീ ക്വാർട്ടറിൽ ബൽജിയത്തിനെതിരെ ലക്ഷ്യംകണ്ടാൽ ഗോൾ ഉയരത്തിൽ റൊണാൾഡോമാത്രമാകും. നിലവിൽ പോർച്ചുഗൽ ക്യാപ്റ്റനും ഇറാന്റെ അലി ദേയിക്കും 109 ഗോൾവീതമാണ്.
സ്പാനിഷ് നഗരമായ സെവിയ്യയിലാണ് ബൽജിയം–-പോർച്ചുഗൽ പ്രീ ക്വാർട്ടർ. എളുപ്പമാകില്ല റൊണാൾഡോയ്ക്കും പോർച്ചുഗൽ സംഘത്തിനും. ഈ യൂറോയിലെ കരുത്തുറ്റ സംഘമാണ് ബൽജിയം. ഗ്രൂപ്പുഘട്ടത്തിൽ മൂന്നു കളിയും ആധികാരികമായി ജയിച്ചായിരുന്നു അവരുടെ മുന്നേറ്റം. സുശക്തമായ മുന്നേറ്റവും ചലനാത്മകമായ മധ്യനിരയും സംഘടിതമായ പ്രതിരോധവുമാണ് ബൽജിയത്തിന്.
റൊണാൾഡോയുടെ ഗോളടി ഒഴിച്ചുനിർത്തിയാൽ പോർച്ചുഗലിന്റേത് ശരാശരി പ്രകടനമായിരുന്നു. ആദ്യകളിയിൽ ഹംഗറിയെ അവസാനഘട്ടത്തിൽ വീഴ്ത്തി. രണ്ടാംകളിയിൽ ജർമനിയോട് തകർന്നടിഞ്ഞു. ഫ്രാൻസുമായുള്ള അവസാനമത്സരം സമനിലയിലും അവസാനിച്ചു. മൂന്നാംസ്ഥാനക്കാരായിട്ടായിരുന്നു പ്രീ ക്വാർട്ടറിൽ കടന്നത്. പോർച്ചുഗൽ നേടിയ ഏഴ് ഗോളിൽ അഞ്ചും റൊണാൾഡോയുടെ വകയാണ്.
ലോക റാങ്കിങ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണ് ബൽജിയം. പോർച്ചുഗൽ യൂറോയിലെ നിലവിലെ ചാമ്പ്യൻമാരും.ബൽജിയത്തിന്റെ സുവർണനിരയ്ക്കുള്ള അവസരമാണ് ഈ യൂറോ. കെവിൻ ഡി ബ്രയ്ൻ, ഏദെൻ ഹസാർഡ്, റൊമേലു ലുക്കാക്കു എന്നിവരുൾപ്പെട്ട നിര. യാൻ വെർട്ടോൻഗെൻ, ടോബി ആൽഡെർവീൽഡ്, തോമസ് വെർമീലൻ എന്നിവരുൾപ്പെട്ട പ്രതിരോധത്തിന് റൊണാൾഡോയുടെ കുതിപ്പിനെ തടയാൻ കരുത്തുണ്ട്. പലതവണ തകർന്നുപോയ പ്രതിരോധമാണ് പോർച്ചുഗലിന് ക്ഷീണം. റൂബെൻ ഡയസ് നയിക്കുന്ന പ്രതിരോധനിര ലോകോത്തരമാണ്. പക്ഷേ, ഇതുവരെ അവർ ഒത്തിണക്കം കാട്ടിയില്ല. മധ്യനിരയിൽ കരുത്താകുമെന്ന് പ്രതീക്ഷിച്ച ബ്രൂണോ ഫെർണാണ്ടസും തിളങ്ങിയില്ല. റൊണാൾഡോയ്ക്കൊപ്പം റെനാറ്റോ സാഞ്ചെസ്, ദ്യേഗോ ജോട്ട എന്നിവർ തിളങ്ങുന്നുണ്ട്.