തൃശൂർ
ജനങ്ങളിൽനിന്ന് പിരിച്ചെടുത്ത ജിഎസ്ടി യഥാസമയം അടയ്ക്കാത്തതിനാൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ കോഫീ ബോർഡ് വർക്കേഴ്സ് കോ–- ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിൽ. മൂന്നരക്കോടിയോളം രൂപ കുടിശ്ശികയുള്ളതിനാൽ ജിഎസ്ടി അധികാരികൾ കോഫീ ബോർഡ് സംഘത്തിന്റെ പിൻനമ്പർ സസ്പെൻഡ് ചെയ്തു. പിൻനമ്പർ ഇല്ലാതായിട്ടും ഇന്ത്യൻ കോഫീഹൗസുകളിൽ ജിഎസ്ടി പിരിവ് തുടരുകയാണ്.
ബിജെപി–- കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിക്കുകീഴിൽ പ്രവർത്തിക്കുന്ന തെക്കൻ മേഖലാ കോഫീ ബോർഡ് സംഘം 19.50 കോടി നഷ്ടത്തിലാണ്. ഭരണസമിതിയുടെ പിടിപ്പുകേടും അഴിമതിയും ധൂർത്തുമാണ് സ്ഥാപനം നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ കാരണം. 2020 ഏപ്രിൽമുതൽ തെക്കൻ ജില്ലകളിലെ 56 കോഫീഹൗസുകളിലെ ജീവനക്കാരുടെ ശമ്പളം 50 ശതമാനം കുറച്ചിരുന്നു. നിലവിൽ പാഴ്സൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിലും മൂന്നുമാസമായി ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല.
ജനുവരിമുതൽ സർവീസിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി, പിഎഫ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും നൽകിയിട്ടില്ല. നേരത്തേ 50 ശതമാനം ആനുകൂല്യം നൽകിയിരുന്നു. അർഹമായ ആനുകൂല്യംപോലും ലഭിക്കാതായതോടെ, ജീവനക്കാരും തൊഴിലാളികളും വിരമിച്ചവരും പ്രതിസന്ധിയിലാണ്. ജീവനക്കാരിൽനിന്ന് പിരിച്ചെടുത്ത് പിഎഫിൽ അടച്ച തുകയിൽനിന്ന് മൂന്നുമാസത്തെ ശമ്പളം സ്ഥാപനങ്ങൾ നൽകണമെന്ന് കേന്ദ്രസർക്കാർ ഉത്തരവ് ഉണ്ടൈങ്കിലും അപേക്ഷ നൽകിയ 600 പേരിൽ 100 പേർക്കാണ് കുറച്ചെങ്കിലും തുക ലഭിച്ചത്. മൂന്നുദിവസത്തിനകം തുക നൽകണമെന്ന ഉത്തരവ് നിലനിൽക്കുമ്പോഴാണ് 20 ദിവസം പിന്നിട്ടിട്ടും ഭരണാധികാരികൾ ജീവനക്കാർക്ക് തുക നൽകാത്തത്.