ടോറന്റോ
ക്രൈസ്തവ സഭ നടത്തിയിരുന്ന ബോർഡിങ് സ്കൂളുകളിൽ അടയാളപ്പെടുത്താത്ത നൂറുകണക്കിന് ശവക്കുഴികൾ കണ്ടെത്തിയ സംഭവത്തിൽ മാർപാപ്പ മാപ്പ് പറയണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മാർപാപ്പ ക്യാനഡയിൽ വന്ന് മാപ്പ് പറയണമെന്ന തദ്ദേശീയരുടെ ആവശ്യം പ്രധാനമന്ത്രിയും ഉയർത്തുകയായിരുന്നു. ക്യാനഡയുടെ മണ്ണിൽനിന്ന് ക്യാനഡയിലെ തദ്ദേശ ജനതയോട് മാപ്പ് പറയേണ്ട ആവശ്യകതയെക്കുറിച്ച് മാർപാപ്പയോട് പറഞ്ഞിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു.
തദ്ദേശീയരായ കുട്ടികളെ അത്തരം സ്കൂളുകളിൽ ചേരാൻ നിർബന്ധിച്ച സർക്കാരിന്റെ ദീർഘകാല നയത്തിൽ ലജ്ജിക്കുന്നതായും ട്രൂഡോ പറഞ്ഞു. ക്യാനഡയിലെ തദ്ദേശീയ വിഭാഗ കുട്ടികളെ ക്രൈസ്തവവൽക്കരിക്കാൻ കത്തോലിക്കസഭ നടത്തിയിരുന്ന റസിഡൻഷ്യൽ സ്കൂളുകളിൽ പീഡനത്തിന് ഇരയായി നൂറുകണക്കിന് വിദ്യാർഥികൾ മരിച്ചിരുന്നു. അടുത്തിടെ ആദ്യം ക്യാംലൂപ്സ് സ്കൂളിൽനിന്നും പിന്നീട് മറീവൽ ഇൻഡ്യൻ സ്കൂളിൽനിന്നും 215ഉം 600 കുട്ടികളുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. എല്ലാ റസിഡൻഷ്യൽ സ്കൂളിലും തെരച്ചിൽ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.