ന്യൂഡൽഹി > കാർഷിക നിയമങ്ങൾക്കെതിരെ ചണ്ഡീഗഡ് രാജ്ഭവനിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഏഴ് മാസം പിന്നിട്ട സാഹചര്യത്തിലാണ് കർഷകർ ഇന്ന് രാജ്യവ്യാപകമായി രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
വി പി സാനു സിംഗു അതിർത്തിയിൽ സമരത്തിൽ
ചണ്ഡീഗഡിലെ രാജ്ഭവനിലേക്കുള്ള മാർച്ചിനിടെയാണ് കർഷകരെ പൊലീസ് തടഞ്ഞത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നോട്ടുനീങ്ങിയ കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡൽഹിയിലെ ഏറ്റവും വലിയ സമരകേന്ദ്രമായ സിംഘു അതിർത്തി രാജ്യസഭാംഗം ഡോ. വി ശിവദാസൻ, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ എന്നിവർ സന്ദർശിക്കുകയും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എസ്എഫ്ഐ, മഹിളാ അസോസിയേഷൻ, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവർ ചേർന്ന് സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചു.