തിരുവനന്തപുരം
കോവിഡിൽ മറ്റ് സംസ്ഥാനത്ത് മരണനിരക്ക് കുത്തനെ ഉയർന്നപ്പോൾ കേരളത്തിൽ 8.01 ശതമാനം കുറഞ്ഞു. ഉത്തർപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനത്ത് പല മടങ്ങാണ് വർധന. എന്നാൽ കേരളത്തിൽ 2019ൽ 2,64,137 മരണം രജിസ്റ്റർ ചെയ്തപ്പോൾ 2020ൽ 2,42,974 ആയി കുറഞ്ഞു. 21,163 മരണം കുറവ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ മാസ്ക് ധാരണവും സാനിറ്റെസെെർ ഉപയോഗവും പ്രതിരോധശേഷിയെ ശക്തമാക്കിയത് നേട്ടമായി. ഗുരുതര രോഗം, ജീവിതശൈലീ രോഗം എന്നിവയുള്ളവർ കൂടുതൽ ജാഗ്രത കാണിച്ചു. ലോക്ഡൗൺ റോഡപകടത്തിൽ കാര്യമായ കുറവുണ്ടാക്കി.
കോവിഡ് മരണം
അര ശതമാനം കടന്നില്ല
സംസ്ഥാനത്ത് ഇതുവരെ 12,581 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആദ്യ മരണം സ്ഥിരീകരിച്ചത് 2020 മാർച്ച് 28നാണ്. 2020ൽ 3096 കോവിഡ് മരണമുണ്ടായി. 2021ൽ ഇത് 9485 ആയി ഉയർന്നു. എന്നാൽ, ആകെ കോവിഡ് മരണം അര ശതമാനം കടക്കാത്തത് ആശ്വാസമാണ്.
തിരുവനന്തപുരം മരണനിരക്ക് കുറഞ്ഞ നഗരം
കോവിഡിൽ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിൽ മരണനിരക്ക് വർധിച്ചപ്പോൾ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ കുറഞ്ഞതായി സിവിൽ രജിസ്ട്രേഷൻ കണക്ക് വ്യക്തമാക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രി, ആർസിസി, സർക്കാർ, സ്വകാര്യ ആശുപത്രി എന്നിവയുള്ള നഗരത്തിലെ കുറവ് ആരോഗ്യസംവിധാനത്തിന്റെ മികവ് വ്യക്തമാക്കുന്നു. 2019ൽ കോർപറേഷനിൽ രജിസ്റ്റർ ചെയ്തത് 17,413 മരണമാണ്. ഇതിൽ 7162 എണ്ണം നഗരപരിധിയിൽപ്പെട്ടതും 10,251 പുറത്തുനിന്ന് ഉള്ളവരുടേതുമായിരുന്നു. 2020ൽ ഇത് 15,056 ആയി കുറഞ്ഞു. 15.65 ശതമാനം കുറവ്.2021 ജൂൺ 24 വരെ 8746 മരണം രജിസ്റ്റർ ചെയ്തു. ഇതിൽ നഗരപരിധിയിലുള്ള 3558ഉം പുറത്തുനിന്നുള്ള 5188ഉം ഉണ്ട്.