കൊച്ചി
ഒരേസമയം 30 വിമാനം വഹിക്കാൻ ശേഷിയുള്ള ഐഎൻഎസ് വിക്രാന്ത് കൊച്ചിയിൽ ഒരുങ്ങുന്നു. നാവികസേനയ്ക്കായി കൊച്ചി കപ്പൽശാലയിൽ ഒരുങ്ങുന്ന വിക്രാന്തിന് ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന വിമാനവാഹിനിയെന്ന പ്രത്യേകതയുമുണ്ട്. ധീരൻ എന്ന് അർഥം വരുന്ന ‘വിക്രാന്ത്’ കപ്പലിന്റെ രൂപകൽപ്പന 1999-ലാണ് ആരംഭിച്ചത്. 2009 ഫെബ്രുവരിയിൽ കീലിട്ടു. ഈ വർഷം അവസാനം കടലിലെ പരീക്ഷണ ഓട്ടം പൂർത്തിയാക്കും. 2022ൽ കമീഷൻ ചെയ്യും.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ നിർമിച്ച കപ്പലിന്റെ നിർമാണ ചെലവ് 3500 കോടിയാണ്. അമ്പതിലധികം ഇന്ത്യൻ കമ്പനികൾ ചേർന്നാണ് നിർമാണം. 262 മീറ്റർ (860 അടി) നീളവും 62 മീറ്റർ (203 അടി) വീതിയുമുള്ള കപ്പലിന് 40,000 ടൺ ഭാരമുണ്ട്. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലിന്റെ പേരും ഐഎൻഎസ് വിക്രാന്ത് എന്നായിരുന്നു. 1961ൽ കമീഷൻ ചെയ്ത ഈ കപ്പൽ 1997ൽ ഡീകമീഷൻ ചെയ്തു.
2022ൽ കമീഷൻ ചെയ്യും: മന്ത്രി രാജ്നാഥ് സിങ്
ഇന്ത്യയിൽ നിർമിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് അടുത്തവർഷം കമീഷൻ ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കപ്പലിന്റെ പരീക്ഷണഓട്ടത്തിന് മുന്നോടിയായി കൊച്ചിയിലെത്തി നിർമാണ പുരോഗതി വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദ്ര പ്രതിരോധത്തിൽ ആഗോള ശക്തിയാകുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനായി സേനയെ ശക്തമാക്കും. ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ നാവികസേന സജ്ജമാണ്. നിർമാണത്തിലുള്ള 44 യുദ്ധക്കപ്പലുകളിൽ 42 എണ്ണവും രാജ്യത്തെ കപ്പൽശാലകളിലാണ് രൂപം കൊള്ളുന്നത്. രൂപകൽപ്പനമുതൽ നിർമാണത്തിന് ഉപയോഗിക്കുന്ന ഉരുക്ക്, പ്രധാന ആയുധങ്ങൾ, സെൻസറുകൾവരെ ഇന്ത്യയിലാണ് നിർമിച്ചത്. കമാൻഡിനുകീഴിലെ പരിശീലന കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിച്ചു. കമാൻഡിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും മന്ത്രി അവലോകനം ചെയ്തു.