കൊച്ചി
തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ ഗൂഢാലോചനയെന്ന് ലക്ഷദ്വീപ് സ്വദേശിയായ സിനിമാപ്രവർത്തക ആയിഷ സുൽത്താന. ലക്ഷദ്വീപ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആയിഷ.
ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ട്. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ചാനൽ ചർച്ചയിൽ പറഞ്ഞ വാക്ക് തൊട്ടടുത്ത ദിവസം തിരുത്തി. എന്നിട്ടും ചിലർ കേസുമായി മുന്നോട്ടുപോയി. കേസ് ഗൂഢാലോചനയാണ്. നാടിന്റെ പ്രശ്നം തരണം ചെയ്യാനാണ് ഇറങ്ങിയത്. ഇനിയും മുന്നോട്ടുതന്നെ പോകുമെന്നും ആയിഷ സുൽത്താന പറഞ്ഞു.
ആയിഷ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തിയ കേസിൽ ആയിഷയെ അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു. അതിനാൽ ബുധനാഴ്ചത്തെ ചോദ്യം ചെയ്യലിനുശേഷവും അറസ്റ്റുണ്ടായില്ല. ലക്ഷദ്വീപിലെ ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ ബയോ വെപ്പൺ പരാമർശത്തിന്റെ പേരിലാണ് ബിജെപി ആയിഷയ്ക്കെതിരെ പരാതി നൽകിയത്.
ആയിഷ സുൽത്താനയുടെ
മൊബൈൽഫോൺ പൊലീസ് പിടിച്ചെടുത്തു
രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനുപിന്നാലെ ആയിഷ സുൽത്താനയുടെ മൊബൈൽഫോൺ കവരത്തി പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യാനെന്നപേരിൽ മൂന്നാമതും വിളിച്ചുവരുത്തിയാണ് മൊബൈൽഫോൺ പിടിച്ചെടുത്തത്. ഫോൺ പിടിച്ചെടുക്കുമെന്ന കാര്യം നേരത്തേ അറിയിച്ചില്ലെന്നും അത്യാവശ്യ ഫോൺനമ്പറുകൾ എഴുതിയെടുക്കാനുള്ള സാവകാശംപോലും തന്നില്ലെന്നും ആയിഷ സുൽത്താന പിന്നീട് പ്രതികരിച്ചു.
മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ശനിയാഴ്ച കൊച്ചിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നെന്ന് ആയിഷ പറഞ്ഞു. കൊച്ചിയിലും മംഗളൂരുവിലുമായി രണ്ട് ബന്ധുക്കൾ ആശുപത്രിയിലാണ്. ഫോണില്ലാതെ മടങ്ങിയാൽ വലിയ ബുദ്ധിമുട്ടാകും. ആരെയും വിളിക്കാനുള്ള നമ്പർ കൈയിലില്ലെന്നും അവർ പറഞ്ഞു. ബുധനാഴ്ചത്തെ ചൊദ്യം ചെയ്യലിൽ ആയിഷയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളെക്കുറിച്ചും ബാങ്ക് ഇടപാടുകളെക്കുറിച്ചുമൊക്കെയാണ് പൊലീസ് അന്വേഷിച്ചത്. എട്ടുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തു. മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നതിനാൽ അറസ്റ്റുചെയ്യാതെ വിടുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്കുമുമ്പ് ജാമ്യഹർജിയിൽ അന്തിമ വിധി വന്നതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതുപ്രകാരം മൂന്നാമതും പൊലീസിൽ ഹാജരായത്.
ആയിഷയ്ക്കെതിരായ രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യഹർജി തള്ളിയാൽ വെള്ളിയാഴ്ചതന്നെ ആയിഷയെ അറസ്റ്റുചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. ബിജെപി നൽകിയ പരാതിയിലാണ് ആയിഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.