ചാത്തന്നൂർ
ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ തുടർ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചശേഷം കാണാതായ യുവതിയുടെയും അടുത്ത ബന്ധുവായ യുവതിയുടെയും മൃതദേഹം ഇത്തിക്കര ആറ്റിൽ കണ്ടെത്തി. കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണപിള്ളയുടെ മകൾ ശ്രുതി എന്ന ഗ്രീഷ്മ (21 )എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കേസിൽ റിമാൻഡിലുള്ള കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കൽ ഊഴായിക്കോട് രേഷ്മ (22)യുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ആര്യയുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. രേഷ്മ വഞ്ചിച്ചെന്നാണ് കത്തിലുള്ളത്.
രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആര്യയെ വ്യാഴാഴ്ച മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. ആര്യയുടെ നാലര വയസ്സുള്ള മകനെ ഗ്രീഷ്മയുടെ അമ്മയെ ഏൽപ്പിച്ചശേഷം കല്ലുവാതുക്കൽ അക്ഷയയിൽ പോകണമെന്ന് പറഞ്ഞാണ് ഇരുവരും വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. ഇരുവരും അക്ഷയയിൽ എത്തിയിരുന്നു. പിന്നീട് കല്ലുവാതുക്കൽ ജങ്ഷനിലെ കടകളിൽ കയറുകയും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുകയുംചെയ്തശേഷം ഇരുവരും ആര്യയുടെ വീട്ടിലെത്തി. മകനു വാങ്ങിയ മിഠായി ഉൾപ്പെടെയുള്ളവ വീട്ടിൽവച്ച് ആത്മഹത്യാക്കുറിപ്പും എഴുതി ഇരുവരും വീട്ടിൽനിന്ന് ഇറങ്ങി. ഇവരെ കാണാതായതിനെത്തുടർന്ന് ആര്യയുടെ ഭർത്താവ് രഞ്ജിത്ത് പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ, സിസിടിവി ക്യാമറ പരിശോധനകളിൽ ഇരുവരേയും ഇത്തിക്കര പാലം, കൊച്ചുപാലം, മാടൻനട ക്ഷേത്രം എന്നിവിടങ്ങളിൽ കണ്ടു.
വെള്ളിയാഴ്ച രാവിലെ അഗ്നിശമനസേന സ്കൂബ സംഘത്തിന്റെ സഹായത്തോടെ, ഇവരെ അവസാനമായി കണ്ട ഇത്തിക്കര കൊച്ചു പാലത്തിനു സമീപത്തുനിന്ന് തെരച്ചിൽ ആരംഭിച്ചു. തുടർന്ന് രാവിലെ പത്തരയോടെ, ഇത്തിക്കരയാറ്റിൽ പാലമൂടിനുസമീപത്തുനിന്ന് ആര്യയുടെ മൃതദേഹം കിട്ടി. വൈകിട്ട് നാലോടെ ഇത്തിക്കര പാലത്തിനുസമീപം തോട്ടുവാരത്തിനു സമീപം മരച്ചില്ലയിൽ കുരുങ്ങിയ നിലയിൽ ഗ്രീഷ്മയുടെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങൾ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പരേതനായ മുരളീധരക്കുറുപ്പിന്റെയും ശോഭയുടെയും മകളാണ് ആര്യ. മകൻ: അർജിത്ത് (നാലര).ഗ്രീഷ്മയുടെ അച്ഛൻ രാധാകൃഷ്ണപിള്ള വിദേശത്താണ്. മുഖത്തലയിലെ ഏവിയേഷൻ വിദ്യാർത്ഥിയാണ്. അമ്മ: രജിത, സഹോദരി: രേഷ്മ.