തിരുവനന്തപുരം
സ്ത്രീധനത്തിനെതിരെ ഉറച്ച ശബ്ദവുമായി യുവതയുടെ ജാഗ്രതാ സദസ്സ്. ‘സ്ത്രീധനത്തിന്റെ പേരിൽ ഇനിയൊരു ജീവൻ പൊലിയരുത്’ എന്ന സന്ദേശവുമായാണ് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി യുവജന ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സദസ്സ് സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു. നടൻ ഇർഷാദ് അലി, സംവിധായകൻ ഷാജി അസീസ്, എം എ സിദ്ദിഖ്, അമൃത റഹീം എന്നിവർ സംസാരിച്ചു.
സമാപനയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ യു ജെനീഷ്കുമാർ എംഎൽഎ സംസാരിച്ചു.
എറണാകുളം ജില്ലാതല ഉദ്ഘാടനം നോർത്ത് കളമശേരിയിൽ സംസ്ഥാന പ്രസിഡന്റ എസ് സതീഷ് നിർവഹിച്ചു. സ്ത്രീയെ കമ്പോളവസ്തുവാക്കുന്ന പുരുഷ കേന്ദ്രീകൃത മനോഭാവത്തിനെതിരെ യുവാക്കൾ രംഗത്തുവരണമെന്ന് എസ് സതീഷ് പറഞ്ഞു. ജില്ലാപ്രസിഡന്റ് പ്രിൻസി കുര്യാക്കോസ് അധ്യക്ഷയായി. നടൻ സലിംകുമാർ, സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, ജില്ലാ സെക്രട്ടറി എ എ അൻഷാദ്, വനിതാ കമീഷൻ അംഗം ഷിജി ശിവജി, മാധ്യമപ്രവർത്തക അപർണ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ചിഞ്ചു ബി കൃഷ്ണ ഏകാംഗനാടകം അവതരിപ്പിച്ചു.
തുലാസ് കൈമാറി സലിംകുമാർ
സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങളിൽ സമൂഹത്തിനാകെ ഉത്തരവാദിത്തമുണ്ടെന്നും തനിക്കുമാത്രം അതിൽനിന്ന് ഒഴിവാകാൻ കഴിയില്ലെന്നും നടൻ സലിംകുമാർ. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവജനജാഗ്രതാ സദസ്സിന് ആശംസയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൺകുട്ടികളുള്ള അച്ഛന്മാരൊക്കെ മനസ്സിൽ തുലാസുമായാണ് ജീവിക്കുന്നത്. കുട്ടികൾ വലുതായിവരുമ്പോൾ വധുക്കൾ കൊണ്ടുവരുന്ന സ്വർണം തൂക്കുന്നതിനാണ് ഈ തുലാസ്. അത് എടുത്തുമാറ്റിയാൽ മാത്രമേ സ്ത്രീധനത്തിന്റെ പേരിൽ അരങ്ങേറുന്ന ക്രൂരതകൾ ഇല്ലാതാകൂ. തന്റെ തുലാസ് ഈ വേദിയിൽ ഡിവൈഎഫ്ഐ നേതാക്കളെ ഏൽപ്പിക്കുകയാണ്. ഇനി എല്ലാ വീടുകളിൽനിന്നും സ്ത്രീവിരുദ്ധതയുടെ തുലാസ് നീക്കം ചെയ്യാൻ ഡിവൈഎഫ്ഐ നേതൃത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ബാഗിൽ കരുതിയ ഇലക്ട്രോണിക് തുലാസ് സലിംകുമാർ കൈമാറി.
സമൂഹത്തിന്റെ നന്മയ്ക്കായി നിരവധി പരിപാടികൾ ഏറ്റെടുത്ത് വിജയിപ്പിച്ച ഡിവൈഎഫ്ഐയിൽ തനിക്ക് വിശ്വാസമുണ്ട്. മനുഷ്യച്ചങ്ങലയും മതിലും തീർത്തവർ ആക്രിസാധനങ്ങൾ ശേഖരിച്ചതും ശ്രദ്ധേയമായി. ഡിവൈഎഫ്ഐ ഒരുക്കിയ ചടങ്ങിലാണ് താൻ നേത്രദാനത്തിന് സമ്മതപത്രം ഒപ്പിട്ടത്. അതേ ബോധ്യത്തോടെയാണ് തുലാസ് സമർപ്പിക്കുന്നതെന്നും സലിംകുമാർ പറഞ്ഞു.