ന്യൂഡൽഹി
അടിയന്തരാവസ്ഥയുടെ 46–-ാം വാർഷികവും കർഷകസമരം ഏഴ് മാസം പിന്നിട്ടതും മുൻനിർത്തി ശനിയാഴ്ച ജനാധിപത്യസംരക്ഷണദിനമായി ആചരിക്കും. സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദിയും ഉൾപ്പെട്ട സേവ് ഡമോക്രസി ഫോറത്തിന്റെ നേതൃത്വത്തിൽ വൈകിട്ട് 6.30നു ഓൺലൈൻ പൊതുയോഗം സംഘടിപ്പിക്കും.
രാജ്യവ്യാപകമായി കർഷകരും തൊഴിലാളികളും ഐക്യദാർഢ്യപരിപാടിയും നടത്തും.‘കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത കിസാൻമോർച്ച ആഹ്വാനം ചെയ്ത ദിനാചരണത്തിന് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എഐസിസിടിയു, എൽപിഎഫ്, സേവ, യുടിയുസി എന്നീ ട്രേഡ് യൂണിയനുകളുടെ പൊതുവേദിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
രാജ്ഭവനുകൾക്ക് മുന്നിലും ജില്ല, താലൂക്ക് ആസ്ഥാനങ്ങളിലും പ്രതിഷേധ ധർണകൾ നടക്കും. നാല് തൊഴിൽ കോഡ് പിൻവലിക്കുക, സമയബന്ധിതമായി എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കോവിഡിൽ ജീവൻ നഷ്ടപ്പെടുന്ന ആശ, അങ്കണവാടി ജീവനക്കാർ അടക്കം എല്ലാ മുൻനിര പോരാളികൾക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, ആദായനികുതിദായകർ അല്ലാത്ത കുടുംബങ്ങൾക്ക് പ്രതിമാസം 7,500 രൂപ നൽകുക എന്നീ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ് ദിനാചരണത്തിൽ തൊഴിലാളികൾ പങ്കുചേരുക.