കൽപ്പറ്റ
ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ സി കെ ജാനുവിന് കോഴ നൽകിയതിൽ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശന്റെ പങ്ക് കൂടുതൽ തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. കൈരളി ചാനൽ സപ്രേഷണം ചെയ്ത പ്രത്യേക അഭിമുഖത്തിലാണ് ജെആർപി ട്രഷറർ പ്രസീത അഴീക്കോട് ഗണേശനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വിട്ടത്. കോഴ ഇടപാടിൽ ആർഎസ്എസ് മലബാർ മേഖലാ സെക്രട്ടറി സുരേഷിന്റെ പങ്കും സംഭാഷണത്തിൽ വ്യക്തമാവുന്നുണ്ട്. ബിജെപി–- ആർഎസ്എസ് നേതൃത്വം ഒരുമിച്ച് പദ്ധതിയിട്ടാണ് കോഴ ഇടപാട് നടത്തിയതെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.
കെ സുരേന്ദ്രനുമായി പ്രസീത സംസാരിക്കുന്ന ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. അതിൽ 25 ലക്ഷം അറേഞ്ച് ചെയ്തതായും പണം വാങ്ങാൻ ഗണേശനെ ബന്ധപ്പെടണമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതനുസരിച്ച് പ്രസീത വിളിച്ചപ്പോഴാണ് പണമിടപാട് സംബന്ധിച്ച് താൻ സി കെ ജാനുവുമായി സംസാരിച്ച കാര്യം ഗണേശൻ വെളിപ്പെടുത്തിയത്. സുരേഷിനെയും സി കെ ജാനു വിളിച്ച് ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. അടുത്ത് തന്നെ ജാനുവിനെ അവർ നേരിട്ട് കാണുമെന്നും പറഞ്ഞാണ് ഗണേശൻ ആ സംഭാഷണം അവസാനിപ്പിക്കുന്നത്. അതിന്റെ പിറ്റേ ദിവസമാണ് ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ബത്തേരി മണിമല ഹോം സ്റ്റേയിൽ വെച്ച് പൂജാദ്രവ്യങ്ങൾ പൊതിഞ്ഞ തുണി സഞ്ചിയിൽ സൂക്ഷിച്ച 25 ലക്ഷം രൂപ സി കെ ജാനുവിന് കൈമാറിയതെന്നും പ്രസീത പറയുന്നു.