കൊല്ലം > ബിഎഎംഎസ് വിദ്യാർഥി വിസ്മയ വി നായർ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് കിരൺകുമാറിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകൾ ചുമത്തുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു. സിആർപിസി 164 പ്രകാരം വിസ്മയയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരുടെ രഹസ്യമൊഴി കോടതിക്കു മുമ്പാകെ രേഖപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നുണ്ട്. കിരണിനെതിരെ തെളിവുകൾ ശക്തമാണെന്നും ഐജി പറഞ്ഞു.
ഫോറൻസിക് പരിശോധന റിപ്പോർട്ട് കഴിഞ്ഞദിവസം അന്വേഷകസംഘത്തിന് കൈമാറിയതായി ഫോറൻസിക് ഡയറക്ടർ ഡോ. ശശികല പറഞ്ഞു. ചോദ്യംചെയ്യാനും തെളിവു ശേഖരണത്തിനുമായി കിരണിനെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകിയതായി അന്വേഷണച്ചുമതലയുള്ള ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാർ പറഞ്ഞു. തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചിട്ടില്ല. കിരണിന്റെ സഹോദരി ഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യംചെയ്യും. വിസ്മയയുടെ കുടുംബം മുകേഷിനെതിരെ മൊഴി നൽകിയിരുന്നു. പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷകസംഘം. കിരൺ നേരത്തെ നശിപ്പിച്ച വിസ്മയയുടെ ഫോൺ മരണത്തിനുശേഷം പൊലീസ് കണ്ടെടുത്തിരുന്നു. ഇരുവരുടേയും മൂന്നു ഫോണുകൾ സൈബർ സെല്ലിന് കൈമാറി. സൈബർസെല്ലിന്റെ സഹായത്തോടെ എല്ലാ സന്ദേശങ്ങളും ക്രമപ്പെടുത്തി തെളിവുകൾ ബലപ്പെടുത്തും.
വിസ്മയയുടെ അടുത്ത ചില കൂട്ടുകാരിൽനിന്ന് ഇതിനകം അന്വേഷകസംഘം വിവരം ശേഖരിച്ചു. എറണാകുളം, ആലപ്പുഴ, ഓച്ചിറ, ചവറ, നിലമേൽ എന്നിവിടങ്ങളിലെ സുഹ്യത്തുക്കളും ബന്ധുക്കളുമായ ചിലരുടെ മൊഴി കൂടി രേഖപ്പെടുത്തും. ശൂരനാട്, ശാസ്താംകോട്ട എസ്എച്ച്ഒമാർ, എസ്ഐമാർ ഉൾപ്പെടെ പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. വിസ്മയയുടെ നിലമേലിലുള്ള വീട്ടിൽ വെള്ളിയാഴ്ച മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ എന്നിവർ സന്ദർശിച്ചു.