ന്യൂഡൽഹി > ലക്ഷദ്വീപിൽ സ്വകാര്യ പങ്കാളിത്തത്തോടെ ഇക്കോ ടൂറിസം പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഇതിനായി മിനിക്കോയ് ദ്വീപിൽ സ്വകാര്യമേഖലയ്ക്ക് 15 ഹെക്ടറോളം 75 വർഷത്തേക്ക് വിട്ടുകൊടുക്കും. കടലോരത്ത് വില്ലകൾ നിർമിക്കാൻ 8.53 ഹെക്ടറും വാട്ടർവില്ലകൾക്കായി ആറ് ഹെക്ടറുമാണ് നൽകുക. 319 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക.
രണ്ട് വർഷംമുമ്പ് വിഭാവനംചെയ്ത പദ്ധതിയിൽ സ്വകാര്യമേഖലയ്ക്ക് ഒട്ടേറെ ഇളവുകൾ നൽകിയാണ് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സമിതി പുതിയ പദ്ധതി അംഗീകരിച്ചത്. പദ്ധതിയിൽ ദ്വീപ്വാസികൾക്ക് നിശ്ചിതശതമാനം തൊഴിൽ സംവരണം ചെയ്യണമെന്ന് മുമ്പ് നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥ നീക്കംചെയ്തു. വർഷംതോറും ലൈസൻസ് ഫീസിൽ 10 ശതമാനം വർധനയെന്നത് അഞ്ച് ശതമാനമായി കുറച്ചു.
പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ലക്ഷദ്വീപ് അതോറിറ്റി മുന്നോട്ടുവച്ച പദ്ധതിനിർദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ധനമന്ത്രാലയത്തിൽ എത്തിയത്. ലക്ഷദ്വീപിലെ വിവാദപരിഷ്കാരങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുന്നതാണ് പുതിയ പദ്ധതി. തീരത്തുനിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്നത് സ്വകാര്യടൂറിസം പദ്ധതിക്കുവേണ്ടിയാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.