തൃത്താല > സ്പീക്കർ എം ബി രാജേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകൊണ്ട് പരുതൂരിലെ ഹനമോൾക്കും സനമോൾക്കും പുതുസന്തോഷം. തൃത്താലയിലെ പരുതൂരിൽ കോവിഡ് ബാധിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ യുട്യൂബറും ഗായകനുമായിരുന്ന ഷഹീറിന്റെ വീട് സന്ദർശിച്ച എം ബി രാജേഷ് മക്കളായ സനയെയും ഹനയെയും കുറിച്ച് എഴുതിയിരുന്നു. പോസ്റ്റ് കണ്ട അമേരിക്കയിലെ രാജേഷിന്റെ സുഹൃത്ത് ഇരുവർക്കും വിദ്യാഭ്യാസ ചെലവ്, പഠിക്കാൻ ആഗ്രഹിക്കുന്ന കാലത്തോളം പൂർണ്ണമായും ഏറ്റെടുക്കാമെന്നും പ്രതിമാസം ഒരു നിശ്ചിത തുക കുടുംബത്തിന് നൽകാമെന്നുമാണ് പറഞ്ഞിരിക്കുന്നത്. എം ബി രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചതാണ് ഈ വിവരം.
എം ബി രാജേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ഒരു സന്തോഷ വാർത്ത ഇവിടെ പങ്കുവക്കട്ടെ.
തൃത്താലയിലെ പരുതൂരിൽ കോവിഡ് ബാധിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ യുട്യൂബറും ഗായകനുമായിരുന്ന ഷഹീർ എന്ന ചെറുപ്പക്കാരന്റെ വീട് സന്ദർശിച്ചതും ഷഹീറിന്റെ മക്കളായ സനയെയും ഹനയെയും കുറിച്ച് എഴുതിയിരുന്നതും ഓർക്കുന്നുണ്ടാവുമല്ലോ (പോസ്റ്റ് ലിങ്ക് ആദ്യ കമന്റ് ആയി ചേർക്കുന്നു )
ആ പോസ്റ്റിനോട് വളരെ വൈകാരികമായി തന്നെ നിരവധി ആളുകൾ പ്രതികരിച്ചിരുന്നു. മൂവായിരത്തിലുമധികം ആളുകൾ ആ എഫ് ബി പോസ്റ്റിനെ തുടർന്ന് സനയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയുമുണ്ടായി.
ഈ പോസ്റ്റ് കണ്ട എന്റെ അമേരിക്കയിലെ ഒരു സുഹൃത്ത് ആ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടു വന്നത് ഇപ്പോൾ പതിന്മടങ്ങു സന്തോഷമുളവാക്കുന്നതാണ്. ഹനമോളുടെയും സന മോളുടെയും വിദ്യാഭ്യാസ ചെലവ്, പഠിക്കാൻ ആഗ്രഹിക്കുന്ന കാലത്തോളം പൂർണ്ണമായും ഏറ്റെടുക്കാമെന്നും പ്രതിമാസം ഒരു നിശ്ചിത തുക കുടുംബത്തിന് നൽകാമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സുഹൃത്ത് അറിയിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ആ സുഹൃത്തിന്റെ നന്മക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയും സ്നേഹവും അറിയിക്കുന്നു.മറ്റുള്ളവർക്കും ഇതൊരു പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നു.