കൊച്ചി: കോവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്റെ വിവാഹ മോതിരം പണയപ്പെടുത്തിയും കൈത്താങ്ങാവുകയാണ് എറണാകുളം ചെറായി സ്വദേശി നോബൽ കുമാർ. കിറ്റ് വാങ്ങാൻ സുഹൃത്തുക്കൾ സഹായിച്ചെങ്കിലും പണം തികയാതെ വന്നതോടെയാണ് വിവാഹ മോതിരം പണയപ്പെടുത്തിയുള്ള നോബലിന്റെ സഹായം.
കോവിഡിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് നൽകിയാണ് നോബൽകുമാർ ആൾക്കാർക്ക് സഹായവുമായി എത്തി തുടങ്ങിയത്. പിന്നീട് സ്കൂൾ തുറന്നതോടെ കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബുക്കും പേനയുമൊന്നും ഇല്ലാതെ കഷ്ടപ്പെടുന്ന വിദ്യാർഥികളെ കണ്ടു. തുടർന്ന് അറുപതോളം കുട്ടികൾക്ക് അവർക്ക് സഹായമായി നോട്ടുബുക്കുകളും പേനയും പെൻസിലുമെല്ലാം എത്തിച്ചു കൊടുത്തു.
ഇതിനിടയിലാണ് പ്രദേശത്തെ മുത്തശ്ശി പ്രായമായവർക്ക് ഒന്നുമില്ലേ എന്ന് നോബലിനോട് ചോദിച്ചത്. ഇത്തവണ മുൻപത്തെ പോലെ സുഹൃത്തുക്കളൊക്കെ സഹായിച്ചെങ്കിലും കിറ്റിന് ആവശ്യമായ പണം തികഞ്ഞില്ല. പിന്നെ മറ്റൊന്നും ചിന്തിക്കാതെ നോബൽ തന്റെ വിവാഹ മോതിരം പണയപ്പെടുത്തി കിറ്റിന് ആവശ്യമായ തുക കണ്ടെത്തുകയായിരുന്നു.
പ്രായമായവർ മാത്രമുള്ള വീടുകൾ, കിടപ്പുരോഗികൾ, വിധവകൾ താമസിക്കുന്ന 25 വീടുകളിലുള്ളവർക്കായിരുന്നു സഹായം എത്തിച്ചുകൊടുത്തത്. ഹോർലിക്സ്, ബിസ്ക്കറ്റ്, റസ്ക്ക്, മുട്ട, സാനിറ്റൈസർ, മാസ്ക് എന്നിവ അടങ്ങുന്നതായിരുന്നു കിറ്റ്.
Content Highlights:Nobal Kumar helps people during corona times