തിരുവനന്തപുരം> ലിംഗനീതി മുഖ്യവിഷയമാക്കി ജൂലൈ എട്ടിന് ‘സ്ത്രീപക്ഷ കേരളം’ ക്യാംപിയിന് സംസ്ഥാന വ്യാപകമായിനടത്താനൊരുങ്ങി സിപിഐ എം. ജൂലൈ ഒന്ന് മുതല് ഏഴ് ദിവസം കേരളത്തിന്റെ പൊതുമണ്ഡലത്തില് ഇപ്പോള് രൂപപ്പെട്ട് വന്ന സ്ത്രീവിരുദ്ധ സമീപനത്തിനെതിരായ പ്രചരണ പരിപാടികള് സംഘടിപ്പിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന് മാധ്യമങ്ങളോട് വ്യക്തമാക്കി.
സിപിഐ എം പ്രവര്ത്തകര് വീടുകളില് സന്ദര്ശനം നടത്തി ആളുകളുമായി ആശയ വിനിമയം നടത്തും. ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയത്തില് സമൂഹത്തില് വലിയ ചര്ച്ച ആവശ്യമാണ്.കേരളത്തില് സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്ന വലതുപക്ഷവത്കരണത്തെ ശക്തമായി എതിര്ക്കണമെന്നാണ് സിപിഐ എം കരുതുന്നത്. സമൂഹത്തിന്റെ നല്ല നിലപാടുകളെ ഉയര്ത്തിപ്പിടിക്കാനാകണം.
വനിത കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് നടത്തിയ പരാമര്ശവുമായി ബന്ധപ്പെട്ട് സമൂഹത്തില് ചര്ച്ച നടന്നു. സ്ത്രീകള്ക്കെതിരായ അതിക്രമങ്ങളില് ഇടപെട്ട് വന്നിരുന്ന വ്യക്തിയാണെങ്കിലും അവരുടെ പരാമര്ശം പൊതുവെ സമൂഹത്തില് സ്വീകരിക്കപ്പെട്ടില്ല. അവര് തന്നെ അത് തെറ്റാണെന്ന് പറഞ്ഞു.
സെക്രട്ടേറിയറ്റ് യോഗത്തില് അക്കാര്യം പരിശോധിച്ചു. ഉണ്ടായ സംഭവം ജോസഫൈന് വിശദീകരിച്ചു. അവര് അധ്യക്ഷ സ്ഥാനത്തുനിന്നുമുള്ള രാജി സന്നദ്ധത അറിയിച്ചു. അത് പാര്ട്ടി അംഗീകരിച്ചുവെന്നും വിജയരാഘവന് വ്യക്തമാക്കി