കൊച്ചി: സഭാഭൂമി ഇടപാടിൽ അതിരൂപതയുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കെ.പി.എം.ജി. റിപ്പോർട്ട്. എല്ലാ കാനോനിക സമിതികളുടേയും അനുമതി നേടാതെയാണ് ഭൂമി വിൽപ്പന നടന്നത്. വിൽപ്പന വില നിശ്ചയിച്ചതിൽ വീഴ്ച പറ്റിയെന്നും ഏജന്റിനെ തിരഞ്ഞെടുത്തതിൽ സുതാര്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വത്തിക്കാന്റെ നിർദേശപ്രകാരമാണ് ഭൂമി ഇടപാടുകളേക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്ര ഏജൻസിയായ കെ.പി.എം.ജിയെ നിയോഗിച്ചത്.
സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപ്പന ഏറെ വിവാദമായിരുന്നു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് വിവിവിധ സമിതികളെ സഭാ നേതൃത്വം നിയോഗിച്ചിരുന്നു. അതിൽ ഒന്നായിരുന്നു ഇഞ്ചോടി കമ്മീഷൻ. ഇഞ്ചോടി കമ്മീഷനോട് വത്തിക്കാന്റെ നിർദേശം അനുസരിച്ചാണ് കെ.പി.എം.ജി. എന്ന അന്താരാഷ്ട്ര ഏജൻസിയെ ഭൂമി വിൽപ്പനയിൽ നടന്ന ഇടപാടുകളേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചത്.
കെ.പി.എം.ജി. നടത്തിയ അന്വേഷണ വിവരങ്ങളാണ് ഇപ്പോൾ റിപ്പോർട്ടായി പുറത്തുവന്നിരിക്കുന്നത്. അതിരൂപതയുടെ വസ്തുക്കളുടെ കസ്റ്റോഡിയൻ എന്ന നിലയിൽ ഭൂമി വിൽപ്പന നടത്തിയതിലും കോട്ടപ്പടി മേഖലയിൽ ഭൂമി വാങ്ങിയതിലും കർദിനാളിന് വീഴ്ച പറ്റിയെന്നും അതിരൂപതയുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കാൻ അദ്ദേഹത്തിനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രധാനമായും നാല് കാര്യങ്ങളാണ് കെ.പി.എം.ജി. കണ്ടെത്തിയിരിക്കുന്നത്. എല്ലാ കാനോനിക സമിതികളുടേയും അംഗീകാരം വാങ്ങാതെയാണ് ഇടപാട് നടത്തിയത് എന്നതാണ് അതിലൊന്ന്. ഭൂമിയുടെ വിൽപ്പന വില നിശ്ചയിച്ചതിൽ കൃത്യതയുണ്ടായില്ല. ഭൂമി വിൽക്കുന്നതിന് ഏജന്റിനെ തിരഞ്ഞെടുത്തതിൽ വീഴ്ചയുണ്ടായെന്നും വിൽപ്പനയിലൂടെ ലഭിച്ച പണം കടം വീട്ടാൻ ഉപയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ ഇടപാടിൽ വീഴ്ച വരുത്തിയ ആളുകൾക്കെതിരേ നടപടിയുണ്ടാകാനും ഇനി സാധ്യതയില്ല. നിലവിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കോട്ടപ്പടി മേഖലയയിൽ വാങ്ങിയ ഭൂമി വിറ്റ് കടം വീട്ടുക എന്ന നിർദേശമാണ് വത്തിക്കാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. അതിനാൽ ഭൂമി വിൽപ്പനയിൽ വീഴ്ചകളുണ്ടായെങ്കിലും ഇക്കാര്യത്തിൽ നടപടിയുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരം.
Content Highlights: KPMG report on ernakulam angamaly archdiocese land row