കൊച്ചി: രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്നാണ് ആയിഷ സുൽത്താനക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ഇവർക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് സി. അബ്ദുൾ ഖാദർ ഹാജിയുടെ പരാതിപ്രകാരമാണ് ഇവർക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ലക്ഷദ്വീപ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അറസ്റ്റ് ഭയന്ന് ഹൈക്കോടതിയെ സമീപിച്ച ആയിഷക്ക് കോടതി നേരത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണ്. താൻ ജനങ്ങളെ പ്രകോപിക്കാനായല്ല ഇത്തരമൊരു പരാമർശം നടത്തിയതെന്നും തനിക്കെതിരേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്നും ആയിഷ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
ലക്ഷദ്വീപ് പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവുകയും മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയക്കുകയുമായിരുന്നു.
Content Highlights:High Court granted bail for Aisha Sulthana on sedition case