കൊച്ചി: കരിപ്പൂർ സ്വർണക്കടത്തും രാമനാട്ടുകര അപകട മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി കേസിൽ മുഖ്യ കണ്ണിയാണെന്ന് കസ്റ്റംസ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അർജുനാണ് മുഖ്യസൂത്രധാരനെന്ന് വ്യക്തമാക്കിയത്. തനിക്ക് ഇതിന്റെ പ്രതിഫലമായി നാൽപതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും എയർപോർട്ടിൽ നിന്ന് ഒരു ബോക്സിലാക്കി സലീം എന്നയാളാണ് സ്വർണം കൈമാറിയതെന്നും ഷെഫീഖിന്റെ മൊഴിയിലുണ്ട്.
വിമാനത്തിൽ നിന്ന് പോരുന്നതിന് മുന്നെ അർജുൻ ആയങ്കി വിളിച്ചിരുന്നു. ഇട്ടിരിക്കുന്ന ഷർട്ട് മാറ്റണമെന്നും വേറൊരു നിറത്തിലുള്ള ഷർട്ട് ഇടണമെന്ന് ആവശ്യപ്പെട്ടതായും ഷെഫീഖിന്റെ മൊഴിയിലുണ്ട്. സ്വർണക്കടത്ത് റാക്കറ്റുകൾക്കിടയിൽ കുടിപ്പകയുണ്ടെന്നും സ്വർണം കടത്തുന്നത് ചോർത്തുമെന്ന് മനസ്സിലായത് കൊണ്ടാവാം ഷർട്ട് മാറ്റണമെന്നാവശ്യപ്പെട്ടത് എന്നാണ് കസ്റ്റംസ് കരുതുന്നത്. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ സ്വർണം ഷെഫീഖിൽ നിന്ന് വാങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതി. എന്നാൽ ഇതിന് മുന്നെ ഷെഫീഖ് പിടിയിലാവുകയായിരുന്നു.
കണ്ണൂർ അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയാണ് അർജുൻ ആയങ്കി. ഇയാളുടെ വീട്ടിൽ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ വരെ അർജുൻ വീട്ടിലുണ്ടായിരുന്നെങ്കിലും പിന്നീട് ഒളിവിൽ പോവുകയും ചെയ്തു.