കണ്ണൂർ: കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിന്റെയും കൊള്ളയുടെയും രഹസ്യങ്ങൾ പുറത്ത്. കടത്തിന്റെയും കൊള്ളയുടെയും മാസ്റ്റർ പ്ലാൻ വെളിവാക്കുന്ന ശബ്ദരേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു. വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ കൈമാറിയ ശബ്ദ സന്ദേശങ്ങളാണ് ലഭിച്ചിട്ടുള്ളത്. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട അർജുൻ ആയങ്കിയും സംഘവും ഇടുന്ന സ്കെച്ചിന്റെ വിവരങ്ങളാണ് മാതൃഭൂമി പുറത്തുവിട്ടത്.
അതീവ സങ്കീർണവും ഗുരുതരവുമായ കുറ്റകൃത്യത്തിനുള്ള ആസൂത്രണമാണ് ശബ്ദരേഖയിലുള്ളത്. ദുബായിൽനിന്ന് ഒരാൾ സ്വർണം കടത്താൻ തയ്യാറെടുക്കുന്നു. അങ്ങനെ തയ്യാറാടുക്കുന്ന ആൾ കാരിയറെ സംഘടിപ്പിക്കുന്നു. മാതൃഭൂമി ന്യൂസ് പുറത്തുവിട്ട ശബ്ദരേഖ പ്രകാരം സക്കീർ എന്നയാളാണ് കാരിയർ. ഈ സക്കീറിന് സ്വർണം കടത്താനുള്ള സ്റ്റഡിക്ലാസ് നൽകുകയാണ് ഈ വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ പ്രധാന വോയിസിന്റെ ദൗത്യം.
സ്വർണം എങ്ങനെ കൊണ്ടുവരണം, എവിടെ വെച്ച് കൊണ്ടുവരണം, ആര് നിങ്ങൾക്കു തരും, മദ്യപിക്കരുത്, ശ്രദ്ധയോടെ ഇരിക്കണം, മറ്റുള്ളവരുടെ കോളുകൾ എടുക്കരുത് അങ്ങനെ നിരവധി നിർദേശങ്ങളാണ് ഫസൽ എന്നയാൾ സക്കീറിന് നൽകുന്നത്. ഫസൽ എന്നയാൾ സക്കീറിന് സ്വർണവും വിമാന ടിക്കറ്റും എത്തിച്ചു നൽകും. ദുബായ് വിമാനത്താവളത്തിന്റെ പരിസരത്ത് എത്താനാണ് നിർദേശം നൽകുന്നത്.
സക്കീർ സ്വർണവുമായി ദുബായിൽനിന്ന് വരുമ്പോൾ, ഇവിടെ കണ്ണൂരിൽ അതുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരുക്കങ്ങളാണ് രണ്ടാമത്തേത്. യഥാർഥത്തിൽ നസീർ എന്നൊരാൾക്കു വേണ്ടിയോ മഹ്മൂദ് എന്നൊരാൾക്കു വേണ്ടിയോ ആണ് ഈ സ്വർണം കൊണ്ടുവരുന്നത്. എന്നാൽ നസീറിനോ മഹ്മൂദിനോ കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കാനാണ് അർജുൻ ആയങ്കിയും സംഘവും പദ്ധതിയിടുന്നത്. ഇത്തരത്തിൽ സ്വർണം അടിച്ചുമാറ്റുന്നതിന് പൊട്ടിക്കൽ എന്നാണ് ഇവർക്കിടയിൽ പറയുന്നത്.
ദുബായിൽനിന്ന് സ്വർണം കൊണ്ടുവരുന്ന കാര്യം ഇവിടെ ചോരുന്നു. കൊണ്ടുവരുന്ന ആൾ ആരാണ്, ഏത് വിമാനത്തിൽ ഇവിടെ എത്തും, ആർക്കു വേണ്ടി കൊണ്ടുവരുന്നു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ചോർത്തുന്നു. ആർക്കു വേണ്ടിയാണോ കൊണ്ടുവരുന്നത് ആ ചെറുസംഘങ്ങളെ മറികടന്ന് സ്വർണം തട്ടിയെടുക്കുന്ന വലിയ ആസൂത്രണമാണ് ശബ്ദരേഖയിലുള്ളത്.
രാമനാട്ടുകര കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അർജുൻ ആയങ്കിയുടെ പങ്ക് വ്യക്തമാകുന്ന രീതിയിലാണ് ഈ ഓഡിയോ ക്ലിപ്പ് ഉള്ളത്. സ്വർണവുമായി കണ്ണൂരിൽ ഇറങ്ങിയാൽ ചെയ്യേണ്ട ഒരുക്കങ്ങളെല്ലാം അർജുൻ ആയങ്കി ചെയ്തിരിക്കുമെന്ന് വോയിസ് ക്ലിപ്പിൽ പറയുന്നുണ്ട്. ഹോട്ടൽ സൗകര്യവും മദ്യവും ലഭിക്കും. അവിടെനിന്ന് മടങ്ങുമ്പോൾ മോശമല്ലാത്ത തരത്തിൽ പണവും ലഭിക്കുമെന്നും വോയിസ് ക്ലിപ്പ് പറയുന്നു. പകരം സക്കീർ എന്ന കാരിയർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് വോയിസ് ക്ലിപ്പിൽ നിർദേശം നൽകുന്നത്.
കേസിൽ പങ്കാളിത്തം ആരോപിക്കപ്പെടുന്ന അർജുൻ ആയങ്കിക്ക് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
content highlights: gold smuggling and robbery kannur