മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പരിശീലന മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന ആവശ്യവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ആവശ്യം ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി)യെ ഷാ അറിയിക്കും.
ഇക്കാര്യം സംബന്ധിച്ച് ഷാ ഇന്ത്യന്‍ ടീം മാനേജ്മെന്റുമായി സംസാരിച്ചു. മാനേജ്മെന്റും പരിശീലന മത്സര്യം ആവശ്യമാണെെന്ന നിലപാടിലാണ്. ബിസിസിഐയിലെ ഉന്നത അധികൃതര്‍ക്കും സമാനമായ അഭിപ്രായമാണുള്ളത്.
“അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി രണ്ട് പരിശീലന മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന ആവശ്യം ജെയ് ഷാ ഇസിബി സിഇഒ ടോം ഹാരിസണുമായി ചര്‍ച്ച ചെയ്യും. നല്ല പരിശീലനം ലഭിക്കുന്നതിന് ഇത് അനിവാര്യമാണെന്നാണ് സെക്രട്ടറിയുടെ അഭിപ്രായം,” ബിസിസിഐ ട്രഷറർ അരുണ്‍ ധുമാല്‍ പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് പരിശീലന മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ പരിശീലന മത്സരങ്ങള്‍ ഇന്ത്യക്ക് അനിവാര്യമായിരുന്നു.
ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് മൂന്ന് ആഴ്ചത്തെ ഇടവേള നല്‍കിയിരിക്കുകയാണ്. ഓഗസ്റ്റ് നാലാം തീയതി ട്രെന്റ് ബ്രിഡ്ജിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുക. നിലവില്‍ കളിക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്. പക്ഷെ ടീമിന്റെ ആവശ്യത്തിനായി വിളിച്ചാല്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണം.
Also Read: WTC Final: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി, വില്യംസൺ ഹാപ്പിയാണ്; ക്രിക്കറ്റ് ലോകവും
The post ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് പരിശീലന മത്സരങ്ങൾ വേണം; ആവശ്യവുമായി ബിസിസിഐ appeared first on Indian Express Malayalam.