തിരുവനന്തപുരം
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, കെ കെ ജോഷ്വ ഉൾപ്പെടെ 18 പേരെ പ്രതിചേർത്ത് സിബിഐ കേസെടുത്തു. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, അന്യായമായി കസ്റ്റഡിയിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത എഫ്ഐആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.
സംഭവം നടക്കുമ്പോൾ സ്പെഷ്യൽബ്രാഞ്ച് സിഐയായിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി. വഞ്ചിയൂർ എസ്ഐയായിരുന്ന തമ്പി എസ് ദുർഗാദത്ത് രണ്ടും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന വി ആർ രാജീവൻ മൂന്നും പ്രതിയാണ്. അന്വേഷണസംഘം തലവനായിരുന്ന അന്നത്തെ ഐജി സിബി മാത്യൂസ് നാലും ഡിവൈഎസ്പിയായിരുന്ന കെ കെ ജോഷ്വാ അഞ്ചും രവീന്ദ്രൻ ആറും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ ബി ശ്രീകുമാർ ഏഴാം പ്രതിയുമാണ്. സി ആർ ആർ നായർ, ജി എസ് നായർ, കെ വി തോമസ്, പി എസ് ജയപ്രകാശ്, ജി ബാബുരാജ് , മാത്യു, ജോൺ പുന്നൻ, ബേബി, ഡിൻഡാ മാത്യൂസ്, വി കെ മോനി, എസ് ജോഗേഷ് എന്നിവരാണ് മറ്റുപ്രതികൾ.
1994ലാണ് ഐഎസ്ആർഒ റോക്കറ്റ് എൻജിനുകളുടെ രഹസ്യ ഡ്രോയിങ് പാകിസ്ഥാന് വിൽക്കാൻ ശ്രമിച്ചു എന്ന കേസിൽ നമ്പി നാരായൺ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്. ഐഎസ്ആർഒയുടെ ക്രയോജനിക് പ്രോജക്ട് ഡയറക്ടറായിരുന്നു നമ്പി നാരായണൻ. ആരോപണം കെട്ടിച്ചമച്ചതാണെന്ന് സിബിഐ കണ്ടെത്തി. നമ്പി നാരായണനെ കോടതി കുറ്റവിമുക്തനുമാക്കി. കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടി. തുടർന്ന്, സുപ്രീംകോടതി കമീഷനെ നിയോഗിച്ചു. കമീഷനും ഗൂഢാലോചന അന്വേഷിക്കാൻ ശുപാർശ നൽകി. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മെയ് മൂന്നിനാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.