കൊച്ചി
കോവിഡിൽ നട്ടം തിരിയുന്ന ഇന്ത്യൻ ജനതയുടെ തലയ്ക്കടിച്ച് നരേന്ദ്ര മോഡി സർക്കാരിന്റെ ഇന്ധനക്കൊള്ള. അമ്പതു രൂപയ്ക്ക് പെട്രോളെന്ന വാഗ്ദാനം വോട്ടർമാരോടുള്ള ട്രോളായിരുന്നെന്ന് തെളിയിച്ച് ഇന്ധനവില കേരളത്തിലും നൂറ് കടത്തി. ഹൈറേഞ്ച്–- അതിർത്തി മേഖലകളിലാണ് വില സെഞ്ച്വറിയടിച്ചത്. ഇടുക്കി പൂപ്പാറയിൽ പെട്രോൾ വില 100.09 രൂപയും തൊട്ടടുത്തെ രാജകുമാരിയിൽ 100.04, ആനച്ചാലിൽ 100 രൂപയുമായി. ഡീസലിന് 94.8 രൂപയാണ്. തിരുവനന്തപുരം പാറശാലയിലെ രണ്ടു പമ്പിൽ വില 100.04 രൂപയായി. കുറുംകൂട്ടിയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിലും ഗാന്ധി പാർക്കിനു സമീപത്തെ ഭാരത് പെട്രോളിയം പമ്പിലുമാണ് വില നൂറ് കടന്നത്.
കഴിഞ്ഞ ഒരുവർഷം പെട്രോളിന് 26.54 രൂപയും ഡീസലിന് 27.49 രൂപയുമാണ് കൂട്ടിയത്. ഈ മാസം മാത്രം 14 തവണയായി പെട്രോളിന് 3.53 രൂപയും ഡീസലിന് 3.35 രൂപയും വർധിപ്പിച്ചു. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 99.74ഉം ഡീസലിന് 94.82 രൂപയുമായി. കൊച്ചിയിൽ പെട്രോൾ 97.86 ഡീസൽ 93.05, കോഴിക്കോട് പെട്രോൾ 98.17 ഡീസൽ 93.85 രൂപയുമാണ് വില.
‘സത്യത്തിൽ
കൂടുന്നില്ലല്ലോ’
ഒന്നാം കോവിഡ് തരംഗത്തിൽ (2020 മാർച്ച്, ഏപ്രിൽ) ഇന്ധന ഉപയോഗം കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില 20 ഡോളറായിരുന്നു. ഇക്കാലത്തും രാജ്യത്ത് ഇന്ധനവില നിർബാധം കൂട്ടി. നികുതി വർധിപ്പിച്ചാണ് കേന്ദ്രം ഈ തട്ടിപ്പറി നടത്തിയത്. അന്ന് ഒരു ലിറ്റർ പെട്രോളിന് 10 രൂപയും ഡീസലന് 13 രൂപയുമാണ് നികുതി കൂട്ടിയത്. പിന്നീട് ജൂൺമുതൽ എണ്ണ വില ഉയർന്നപ്പോഴും വില കൂട്ടി. എന്നാൽ, കൂട്ടിയ തീരുവ കുറച്ചില്ല. ഒന്നാം മോഡി സർക്കാർ 11 തവണയാണ് തീരുവ കൂട്ടിയത്. 2010ൽ പെട്രോളിന് 14.78 രൂപയും ഡീസലിന് 4.74 രൂപയുമായിരുന്ന തീരുവ ഇപ്പോൾ യഥാക്രമം 32. 90 രൂപയും 31. 80 രൂപയുമാണ്. പെട്രോളിന് 222.59 ശതമാനവും ഡീസലിന് 670 ശതമാനവുമാണ് നികുതി വർധനയുണ്ടായത്.
തെരഞ്ഞെടുപ്പ് സമയത്ത് വില കൂടില്ലേ
നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഫെബ്രുവരിയിൽ 17 തവണയായി പെട്രോളിന് 4.52 രൂപയും ഡീസലിന് 4.88 രൂപയും കൂട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് 65 ദിവസം വില കൂട്ടിയില്ല. 2021 ജനുവരിയിൽ 52 ഡോളർ ആയിരുന്ന ക്രൂഡ് ഓയിൽ വില മാർച്ച് എട്ടിന് 71.45 ഡോളറായിട്ടും പെട്രോൾവില കൂട്ടിയില്ല.
ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ, ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും മെയ് നാല് മുതൽ വില കൂട്ടൽ തുടങ്ങി. ഇതിൽനിന്ന് ഇന്ധനവില നിയന്ത്രിക്കുന്നത് എണ്ണക്കമ്പനികളല്ല സർക്കാരാണെന്ന് വ്യക്തം.