ഇരുകേസിലും നിർണായക കണ്ണിയായത് ആർഎസ്എസ് നിയോഗിച്ച ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്
തൃശൂർ
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറവിൽ ബിജെപി ഇറക്കിയ കുഴൽപ്പണക്കേസിൽ കണ്ണികൾ ഒന്ന്. കൊടകര കുഴൽപ്പണക്കേസിലും ബത്തേരിയിൽ സി കെ ജാനുവിന് പണം കൈമാറിയകേസിലും നിർണായക കണ്ണിയായത് ആർഎസ്എസ് നിയോഗിച്ച ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്.
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തക്ക് പണം എത്തിക്കാൻ ധർമരാജനോട് നിർദേശിച്ചത് എം ഗണേഷാണെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഗണേഷ് വഴി ജാനുവുമായി പണമിടപാട് നടത്താനുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മൊബൈൽ സന്ദേശം ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു.
ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, ഓഫീസ് സെക്രട്ടറി ഗിരീശൻ എന്നിവരുടെ നിർദേശപ്രകാരം ബംഗളൂരുവിൽനിന്നെത്തിച്ച ഹവാലപ്പണം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്ണക്ക് (കെ ജി കർത്ത) കൈമാറാൻ കൊണ്ടുപോവുമ്പോഴാണ് കൊടകരയിൽ കവർന്നതെന്നാണ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷകസംഘം സമർപ്പിച്ച റിപ്പോർട്ട്. ബിജെപി സംസ്ഥാന ഓഫീസിൽനിന്നും നിർദേശിച്ചപ്രകാരം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ബിജെപി ഭാരവാഹികൾക്ക് അനധികൃതമായി പണം എത്തിച്ചതായും ധർമരാജൻ മൊഴി നൽകി.
ഇതേ കേസിൽ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിൽനിന്നാണ് പണം കൈപ്പറ്റിയതെന്നും ധർമരാജന്റെ മൊഴിയിലുണ്ട്. മഞ്ചേശ്വരത്ത് സുന്ദരയുടെ സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ രണ്ടര ലക്ഷം രൂപയും ഫോണും കൈക്കൂലി നൽകിയെന്ന കേസിൽ സുനിൽ നായിക് പ്രതിയാണ്. പണവുമായി വീട്ടിലെത്തിയവരുടെ കൂട്ടത്തിൽ സുനിൽ ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. കൊടകരയിലും മഞ്ചേശ്വരത്തും ബത്തേരിയിലും തെരഞ്ഞെടുപ്പിൽ ബിജെപി കുഴൽപ്പണം ഇറക്കിയ കണ്ണികൾ ഒന്നാണെന്നാണ് ഇതിൽനിന്നും വ്യക്തമാവുന്നത്.
സുരേന്ദ്രന്റെ കോഴ:
തെരഞ്ഞെടുപ്പ്
കമീഷൻ റിപ്പോർട്ട് തേടി
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴ, കുഴൽപ്പണ കേസുകളിൽ തെരഞ്ഞെടുപ്പ് കമീഷൻ സ്വമേധയാ റിപ്പോർട്ട് തേടി. പത്രിക പിൻവലിക്കാൻ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥി സുന്ദരയ്ക്കും എൻഡിഎ മുന്നണിയിൽ ചേരാൻ സി കെ ജാനുവിനും കോഴ നൽകിയതും കൊടകര കുഴൽപ്പണ കേസിലുള്ള പങ്കും സംബന്ധിച്ചാണ് പൊലീസിനോട് വസ്തുതാന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. നേരത്തേ ഇതേ കേസുകൾ ചൂണ്ടിക്കാട്ടി സലിം മടവൂർ നൽകിയ പരാതിയിലും കമീഷൻ പൊലീസ് റിപ്പോർട്ട് തേടിയിരുന്നു. രണ്ടിലും പൊലീസ് ഉടൻ വിശദ റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭ്യമായാലുടൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കുന്നതുൾപ്പെടെ തുടർനടപടിയിലേക്ക് കമീഷൻ കടന്നേക്കും.