തിരുവനന്തപുരം
കൈയെത്തുംദൂരെ, കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും തണൽ മരങ്ങളുണ്ടായിട്ടും ജീവിതച്ചൂടിൽ അകവും പുറവും പൊള്ളി ഒറ്റയ്ക്ക് നടന്നുതീർക്കുന്നവരാണേറെ. വേട്ടയാടിയവർക്ക് മുന്നിൽ തലയുയർത്തി ജീവിച്ചവരും അനവധി. നിയമത്തിന്റെ വഴിയെ ഒരു ചുവടുപോലും നടക്കാൻ മടിയാണ് പലർക്കും. ഒന്നല്ല, നിരവധി നിയമങ്ങളുണ്ടായിട്ടും മാനഹാനിഭയന്നും നൂലാമാലകൾ ഭയന്നുമാണ് പലരുടെയും പിന്മാറ്റം. അപൂർവമായി അവരർഹിക്കുന്ന നീതി ലഭ്യമാകാത്തതും ദുരന്തത്തിനിടയാക്കുന്നു.
സ്ത്രീധന നിരോധന
നിയമം
സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷത്തിൽ കുറയാത്ത തടവാണ് ശിക്ഷ. 15,000 രൂപയിൽ കുറയാത്തതോ സ്ത്രീധനത്തിന് സമാന തുകയോ പിഴയീടാക്കും. സ്ത്രീധനം ആവശ്യപ്പെടുന്നവർക്ക് ആറുമാസംമുതൽ അഞ്ചു വർഷംവരെ തടവും 10,000 രൂപവരെ പിഴയും ലഭിക്കും. സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിന് ആറ് മാസംമുതൽ അഞ്ച് വർഷംവരെ തടവോ 15,000 രൂപ പിഴയോ ആണ് ശിക്ഷ.
ഗാർഹിക പീഡന
നിരോധന നിയമം
ശാരീരികം, ലൈംഗികം, സാമ്പത്തികം, വാച്യമോ വൈകാരിമോ ആയ പീഡനങ്ങൾ ഗാർഹിക പീഡന പരിധിയിൽവരും. പരാതിക്കാരിക്ക് സംരക്ഷണം, സൗജന്യ വൈദ്യ, നിയമ, താമസ സഹായം ലഭിക്കും. 60 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാകും. ഉത്തരവ് വരുംവരെ വീട്ടിൽ അവകാശമുണ്ടാകും. മാനസിക പീഡന പരാതികൾക്ക് നഷ്ടപരിഹാരവുമുണ്ട്. കുട്ടികളുടെ കസ്റ്റഡി പരാതിക്കാരിക്ക് നൽകാം. സംരക്ഷണ ഉത്തരവ് ലംഘിച്ചാൽ ഒരുവർഷം കഠിനതടവ്, 20,000 രൂപവരെ പിഴ. ശാരീരികമോ മാനസികമോ ആയി പീഡിപ്പിച്ചാൽ ഐപിസി 498 എ പ്രകാരം മൂന്ന് വർഷംവരെ തടവോ പിഴയോ ലഭിക്കും.
ബലാത്സംഗം; പത്ത്
വർഷത്തിൽ കുറയാത്ത
കഠിന തടവ്
ബലാത്സംഗത്തിന് പത്ത് വർഷത്തിൽ കുറയാത്ത കഠിന തടവോ ജീവപര്യന്തംവരെയാകാവുന്ന തടവും പിഴയുമാണ് ശിക്ഷ. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിലെ അസ്വാഭാവിക മരണത്തിന് ഐപിസി 304 ബി പ്രകാരം ഏഴ് വർഷത്തിൽ കുറയാത്തതും ജീവപര്യന്തംവരെയാകാവുന്നതുമായ തടവ് ലഭിക്കും. മാനഭംഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കൈയേറ്റത്തിന് ഒന്നുമുതൽ അഞ്ച് വർഷംവരെ തടവും പിഴയുമാണ് ശിക്ഷ.
മോശം വാക്കിന് 3 വർഷം കഠിന തടവ്
അശ്ലീല പരാമർശം, അനാവശ്യ സ്പർശനം, ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിക്കൽ എന്നിവയും കുറ്റകരമാണ്. മൂന്ന് വർഷം കഠിന തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കും.