കൊല്ലം
മരണത്തിലേക്ക് ഒരു നിമിഷത്തിന്റെ ദൂരം മുന്നിൽനിൽക്കെ, അവൾ അമ്മയെ ഓർത്തു. അച്ഛനില്ലാതായിട്ടും വളർത്തി വലുതാക്കിയ അമ്മയ്ക്കുവേണ്ടി ജീവിതത്തിലേക്ക് തിരികെ നടന്നു. ജീവിക്കാനും പോരാടാനുമുള്ള ധൈര്യമേകി അമ്മയും കൂടെപ്പിറപ്പുകളും ഒപ്പംനിന്നതോടെ അതിജീവിച്ചു. സ്ത്രീധനപീഡനങ്ങളും അതിനെ മറികടന്നതുമെല്ലാം മുംബൈയിൽ വളർന്ന ഇരുപത്തിമൂന്നുകാരി അഞ്ചൽ സ്വദേശിയായ നിയമവിദ്യാർഥിക്ക് ദുഃസ്വപ്നമാണ്.
കട്ടപ്പനയിൽ അഭിഭാഷകനായ കടച്ചിക്കടവ് പാമ്പുപാറ രമാലയത്തിൽ അഖിൽ, അമ്മ, സഹോദരൻ നിഖിൽ എന്നിവർക്കെതിരെ കേസുമായി മുന്നോട്ട് പോവുകയാണ് ഇവർ. സ്ത്രീധനമല്ല പെൺകുട്ടിയെയാണ് ആവശ്യമെന്നു പറഞ്ഞ് എത്തിയ ഇവർ വിവാഹം കഴിഞ്ഞതോടെ സ്വരംമാറ്റി. വിവാഹത്തിന് നൽകിയ 61.5 പവൻ സ്വർണം നേരത്തേ കൈക്കലാക്കിയശേഷം, കുടുംബസ്വത്തായി ലഭിച്ച 1.16 ഏക്കറും വിൽപത്രത്തിൽ പറഞ്ഞ 43 സെന്റ് റബർ തോട്ടവും വിറ്റ് പണം നൽകണമെന്നും കാർ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനം.
ഭർത്താവും സഹോദരനും നിരന്തരം മർദിച്ചു. മിക്കദിവസവും രാത്രി പുറത്താക്കും. പണം നൽകിയാലേ വീട്ടിൽ കയറ്റുകയുള്ളൂവെന്നായിരുന്നു ഭീഷണി. അമ്മ ഗൾഫിലായിരുന്നപ്പോൾ അഞ്ചലിലെ വീട്ടിലെത്തിച്ച് മർദിച്ച് അലമാരയിൽ സൂക്ഷിച്ച പ്രമാണമുൾപ്പെടെ രേഖകൾ കൈക്കലാക്കി. ഒടുവിൽ ജീവന് ഭീഷണിയാണെന്ന് ഉറപ്പായതോടെ വീട്ടിലേക്ക് മടങ്ങി. മാനസികമായി തകർന്ന് ആശുപത്രിയിലായിട്ടും ഭർത്താവും ബന്ധുക്കളും ഭീഷണി തുടർന്നു. അതെല്ലാം മൊബൈലിൽ പകർത്തിയത് നിയമപോരാട്ടത്തിന് ബലമേകിയെന്നും അവൾ പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് എത്തിച്ചതിൽ കുടുംബശ്രീ ‘സ്നേഹിത’യ്ക്ക് വലിയ പങ്കുണ്ട്. 10 ദിവസം സ്നേഹിതയിൽ താമസിച്ചതിന്റെ കരുത്തിൽ എൽഎൽബി പഠനം തുടരുകയാണ് ഇവർ.