തിരുവനന്തപുരം
നിയമസഭയിൽ നിക്ഷിപ്ത താൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കാതെ, ജനങ്ങളുടെ താൽപ്പര്യങ്ങളായിരിക്കണം സംരക്ഷിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ താൽപ്പര്യങ്ങൾ പ്രകടിപ്പിക്കാനുള്ള സഭയാണ് പാർലമെന്റ് എന്ന എ കെ ജിയുടെ തത്വം ഓരോ സാമാജികനും മനസ്സിൽ വയ്ക്കണം. അതിനുള്ള സമരവേദിയാകണം നിയമനിർമാണസഭകൾ. അവയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും നിയമസഭാ സാമാജികർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കവലപ്രസംഗം പോലെയാകരുത് നിയമസഭാ പ്രസംഗം. കൃത്യമായ ഗൃഹപാഠം നടത്തണം. തങ്ങളുടെ ഉത്തരവാദിത്തമാണിതെന്ന് അംഗങ്ങൾ തിരിച്ചറിയണം. ഓരോ വിഷയത്തിലും കൃത്യമായുള്ള അറിവ് ആർജിച്ചുള്ള ഇടപെടലുകളാണ് ആവശ്യം. മർമമറിയാതെയുള്ള ഇടപെടലുകൾ ദുർബലമാകും. ചില പ്രസ്താവനകളും പ്രയോഗങ്ങളും മാധ്യമശ്രദ്ധ നേടാൻ ഉപകരിക്കും, അതിൽമാത്രം ഒതുങ്ങാതെ ആഴത്തിൽ വിഷയങ്ങളിലേക്ക് കടക്കാനുള്ള ആത്മാർഥ ശ്രമം ഉണ്ടാകണം. സഭാപ്രവർത്തനങ്ങളെ തികഞ്ഞ ഗൗരവത്തോടെ സമീപിക്കാനാകണം. നിയമ നിർമാണ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിൽ അലംഭാവവും ഉണ്ടാകരുത്.
സഭയ്ക്ക്പുറത്ത്, ജനങ്ങളുമായി ബന്ധപ്പെട്ടവയിൽ പൊതുപ്രവർത്തകർക്കുള്ള ശ്രദ്ധ വികസന, ക്ഷേമ കാര്യങ്ങളിൽക്കൂടി പതിയണം. വികസന പ്രവർത്തനങ്ങളിൽ എംഎൽഎമാർ തമ്മിൽ കൂട്ടായ്മയും കൂട്ടായ ഇടപെടലുകളും ഉണ്ടാകണം. നവകേരള നിർമിതിക്ക് ഉതകുന്ന ക്രീയാത്മകമായ നിർദേശങ്ങൾ നൽകി കൃത്യമായ പങ്ക് വഹിക്കാൻ എംഎൽഎമാർക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.