കൊല്ലം
ബിഎഎംഎസ് വിദ്യാർഥി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണംസൂക്ഷിച്ച എസ്ബിഐ ശാസ്താംനട ശാഖയിലെ ലോക്കറും മുദ്രവച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് വിസ്മയ (24)യെ ഭർത്താവ് കിരൺകുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചാന്ദ്രാലയത്തിന്റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സ്ത്രീധനപീഡന പരാതി ഉയർന്നതിനാൽ ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. കിരണിന്റെയും ബന്ധുക്കളുടെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡോക്ടർമാരുടെ മൊഴിയും വിലയിരുത്തിയാകും ആത്മഹത്യയാണോ എന്നതിൽ അന്തിമ തീരുമാനമെടുക്കുക.
വിസ്മയയെ നേരത്തെയും കിരൺ മർദിച്ചിരുന്നതായി ചില സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പടുത്തും. ജനുവരി അഞ്ചിന് അച്ഛനമ്മമാരുടെ മുന്നിലിട്ട് മർദിച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം വ്യാഴാഴ്ച ഐജിക്ക് പരാതി അയച്ചു. ചടയമംഗലം പൊലീസ് ഒത്തുതീർപ്പാക്കിയ കേസാണിത്. കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിലുള്ള കിരൺകുമാറിനെ കൂടുതൽ തെളിവെടുപ്പിന് കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയെ സമീപിക്കും.