കണ്ണൂർ
കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടര കിലോഗ്രാം സ്വർണം പിടികൂടിയ കേസിലെ പ്രധാന കണ്ണിയായ അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയെയും കൂട്ടാളികളെയും കുരുക്കാനുള്ള തെളിവുകൾ ശേഖരിച്ച് കസ്റ്റംസ്. അർജുനുമായി അടുത്തുബന്ധമുള്ളവരും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. സ്വർണം കൊണ്ടുവന്ന മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് വാട്സ് ആപ്പിലൂടെ അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കസ്റ്റംസിന്റെ കൈയിലുണ്ട്.
അർജുൻ ഉപയോഗിച്ച കാർ വ്യാഴാഴ്ച അഴീക്കലിൽ കണ്ടെത്തിയെങ്കിലും പിന്നീട് മാറ്റി. അഴീക്കലിലെ ഉരുനിർമാണശാലയ്ക്ക് സമീപത്താണ് രാവിലെ കാർ കണ്ടെത്തിയത്. അർജുനും സംഘവും ഈ കാറിലാണ് തിങ്കളാഴ്ച പുലർച്ചെ കരിപ്പൂരിലെത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണം കസ്റ്റംസ് പിടികൂടിയതറിഞ്ഞ് മടങ്ങിയ അർജുനെ കുറച്ചു ദൂരം പിന്തുടർന്ന് മടങ്ങുമ്പോഴാണ് ചെർപുളശേരിയിൽനിന്നുള്ള ക്വട്ടേഷൻസംഘം അപകടത്തിൽപ്പെട്ടത്.
2.33 കിലോഗ്രാം സ്വർണവുമായി തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിലായത്. കോയ്യോട് സ്വദേശി സി സജേഷിന്റേതാണ് അർജുൻ ഉപയോഗിച്ച കാർ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകാനാണ് അർജുൻ കാർ കൊണ്ടുപോയതെന്നും ഇപ്പോൾ കാണാനില്ലെന്നും സജേഷ് കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കാർ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി എസിപി കെ ബാലകൃഷ്ണൻ നായർ പറഞ്ഞു.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ബുധനാഴ്ച അർജുന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. 28നു ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ട്. സ്ഥിരമായി ഉപയോഗിച്ചിരുന്ന കാറിലാണ് ചൊവ്വാഴ്ച രാത്രി എത്തിയതെന്നാണ് വീട്ടുകാർ കസ്റ്റംസ് ഉദ്യോഗസ്ഥരോടു പറഞ്ഞത്.