തിരുവനന്തപുരം
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പുനൽകുന്ന കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിക്കുള്ള സ്ഥലമേറ്റെടുക്കൽ ഡിസംബറിൽ പൂർത്തിയാകും. പാലക്കാട്, എറണാകുളം ജില്ലയിലായി 2220 ഏക്കർ ഭൂമിയാണ് ഏറ്റെടുത്ത് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്മെന്റ് കോർപറേഷന് (കെഐസിഡിസി) കൈമാറുക.
വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പാലക്കാട് കണ്ണമ്പ്രയിൽ 312 ഉം പുതുശ്ശേരി സെൻട്രലിൽ 600,പുതുശ്ശേരി ഈസ്റ്റിൽ 558, ഒഴലപ്പതിയിൽ 250 ഉം ഏക്കറാണ് ഏറ്റെടുക്കേണ്ടത്. ഇതിനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് പാലക്കാട് കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇതിൽ 310 ഏക്കർ ഏറ്റെടുക്കാനുള്ള 95 ശതമാനം നടപടിയും പൂർത്തിയാക്കി. മറ്റിടങ്ങളിൽ വിജ്ഞാപനം പുറപ്പെടുവിക്കുകയും പൊതുജനങ്ങളിൽനിന്ന് തെളിവെടുപ്പ് ആരംഭിക്കുകയും ചെയ്തു. പാലക്കാട് സ്ഥലമേറ്റെടുക്കാൻ 346 കോടി രൂപ കിൻഫ്രയ്ക്ക് നേരത്തെ കൈമാറിയിരുന്നു.
എറണാകുളം അയ്യമ്പുഴയിൽ ഇടനാഴിയുടെ ഭാഗമായുള്ള ഗിഫ്റ്റ് സിറ്റിക്ക് 500 ഏക്കർ ഏറ്റെടുക്കാൻ ഭരണാനുമതി നൽകി. സാമൂഹ്യാഘാത പഠനവും പൂർത്തിയാക്കി. പൊതുജനങ്ങളിൽനിന്നുള്ള തെളിവെടുപ്പ് ജൂലൈ 8, 9, 10 തീയതികളിൽ നടക്കുമെന്ന് കലക്ടർ എസ് സുഹാസ് അറിയിച്ചു. പരമാവധി കെട്ടിടങ്ങൾ ഒഴിവാക്കിയാണ് സ്ഥലമേറ്റെടുക്കുക. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടവരുത്താത്ത സേവനമേഖലാ വ്യവസായങ്ങളാണ് അയ്യമ്പുഴയിലുണ്ടാവുക. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ കലണ്ടർ തയ്യാറാക്കും.
വ്യവസായ ഇടനാഴിയുടെ തുടർപ്രവർത്തനം സുഗമമാക്കാനും ദൈനംദിന വിലയിരുത്തലിനുമായി പ്രത്യേക വെബ്പോർട്ടലിന് കിൻഫ്ര രൂപംനൽകും. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്ഥലമേറ്റെടുക്കുന്നത്. ഭക്ഷ്യവ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ലഘു എൻജിനീയറിങ് വ്യവസായം, ബൊട്ടാണിക്കൽ ഉൽപ്പന്നങ്ങൾ, ടെക്സ്റ്റൈൽസ്, ഖരമാലിന്യ റീസൈക്ലിങ്, ഇലക്ട്രോണിക്സ്, ഐടി ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് തുടങ്ങിയ ക്ലസ്റ്ററുകളാണ് ഇടനാഴിയുടെ പാലക്കാട് കേന്ദ്രത്തിലുണ്ടാവുക. പാലക്കാട് ക്ളസ്റ്ററുകളിൽ മാത്രം 83,000 തൊഴിലവസരം സൃഷ്ടിക്കും. കളമശ്ശേരി കിൻഫ്ര പാർക്ക് ആസ്ഥാനമായാണ് കെഐസിഡിസിയുടെ പ്രവർത്തനം. യോഗത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവരും പങ്കെടുത്തു.