തിരുവനന്തപുരം: 100 കടന്ന പെട്രോൾ വില വർധനവിനെതിരേ പ്രതിഷേധവുമായി ജനങ്ങൾ. കൂട്ടിയവരെ കുറിച്ച് അഭിപ്രായം വല്ലതും തുറന്നുപറഞ്ഞാൽ ആയിഷ സുൽത്താനയുടെ ഗതിയാകുമെന്നാണ് പെട്രോൾ വില വർധനയെ കുറിച്ച് ഒരാൾ പ്രതികരിച്ചത്.
സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. അധികാരത്തിലിരിക്കുന്നവർക്ക് എന്തും ചെയ്യാം. ഇതിനെ ന്യായീകരിക്കാൻ വരുന്ന കുറേ തൊഴിലാളികൾ ഉണ്ട്. അവരെ ഓർത്താണ് സങ്കടം തോന്നുന്നത്. കൂട്ടിയവരെ കുറിച്ച് അഭിപ്രായം വല്ലതും തുറന്നുപറഞ്ഞാൽ ആയിഷ സുൽത്താനയുടെ ഗതിയാകും. ഞങ്ങളെ പിടിച്ച് അകത്തിടും. ആ നിലയ്ക്കേ അവരുടെ അടുത്ത് പറയാനാകൂ. സംസ്ഥാനത്ത് ആദ്യമായി ഒരു ലിറ്ററിന് 100 രൂപ കടന്ന പാറശാലയിലെ പെട്രോൾ പമ്പിൽ ഇന്ധനം അടിക്കാനെത്തിയ കൃഷിക്കാരനായ വ്യക്തി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നിരുന്നു. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്. പാറശാലയിൽ പെട്രോൾ ലിറ്ററിന് 100.04 പൈസയാണ് വില.
തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയിൽ 97.98 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയിൽ 94.79 രൂപയുമാണ്. 22 ദിവസത്തിനിടയിൽ 12-ാം തവണയാണ് ഇന്ധന വില കൂടിയത്.
Content Highlights: Fuel Price Hike













