കൊച്ചി: ആയിഷ സുൽത്താനയ്ക്കെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. ആയിഷ സുൽത്താന ദ്വീപിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും കോവിഡ് പോസിറ്റീവായ ആളുമായി സംസാരിച്ചെന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു.
ചോദ്യം ചെയ്യലിനായി കവരത്തിയിലെത്തിയ ആയിഷ ദ്വീപിലെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ദ്വീപിലെത്തിയ ആയിഷ ഏഴ് ദിവസത്തെ ക്വാറന്റൈൻ നിയമം പാലിച്ചില്ല. ചോദ്യം ചെയ്യലിന് ഹാജരാവാൻ മാത്രമാണ് ആയിഷ സുൽത്താനയ്ക്ക് ഇളവ് നൽകിയത്. എന്നാൽ ആയിഷ പഞ്ചായത്ത് ഓഫീസിലെത്തി, അവിടെയുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് ചികിത്സാ കേന്ദ്രത്തിലെത്തി കോവിഡ് പോസിറ്റീവ് ആയ ആളുമായി സംസാരിച്ചു തുടങ്ങിയ കുറ്റാരോപണങ്ങളാണ് ആയിഷയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഉന്നയിച്ചിരിക്കുന്നത്.
ആയിഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അന്തിമതീരുമാനം എടുത്തിട്ടില്ല. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകാമെന്ന് മാത്രമാണ് കോടതി അറിയിച്ചിട്ടുള്ളത്. മുൻകൂർ ജാമ്യേപേക്ഷയ്ക്കൊപ്പം ഈ റിപ്പോർട്ടും പരിഗണിക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം.
Content Highlights:Lakshadweep administration against Aisha Sulthana














