കൊണ്ടോട്ടി (മലപ്പുറം)
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവരുൾപ്പെട്ട സ്വർണക്കവർച്ചാശ്രമത്തിലെ അന്വേഷണം സംഘത്തലവൻ സൂഫിയാനിലേക്ക്. കൂട്ടാളികൾ അപകടത്തിൽപ്പെട്ടതറിഞ്ഞ് ചെർപ്പുളശേരി സ്വദേശിയായ ഇയാൾ രക്ഷപ്പെട്ടിരുന്നു. 15 അംഗ സംഘമാണ് കവർച്ചയ്ക്ക് എത്തിയതെന്നായിരുന്നു പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ, ഇതിലധികം പേരുള്ളതായി വ്യക്തമായി.
മറ്റൊരു വാഹനത്തിൽക്കൂടി കവർച്ചാ സംഘം എത്തിയതായും അപകടദിവസം ഇവർ സ്വർണം കടത്തിയതായും പൊലീസ് സംശയിക്കുന്നു. കസ്റ്റംസ് പിടിച്ചതിനു പുറമേ സ്വർണം പുറത്തേക്ക് കടത്തിയെന്നാണ് നിഗമനം. കൊടുവള്ളി സ്വദേശി മൊയ്തീനാണ് വൻതുകയ്ക്ക് ചെർപ്പുളശേരി സംഘത്തിന് ക്വട്ടേഷൻ നൽകിയത്. ദുബായിലുള്ള മൊയ്തീൻ സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരകരിൽ ഒരാളാണെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി, ചെർപ്പുളശേരി സംഘങ്ങൾക്കു പുറമേ കണ്ണൂരിൽനിന്ന് മറ്റൊരു സംഘം എത്തിയതായും സൂചനയുണ്ട്.
കഴിഞ്ഞദിവസം അറസ്റ്റിലായ എട്ടുപേരും സ്വർണക്കവർച്ചാ സംഘത്തിലെ കണ്ണികളാണ്. ഇവരിൽ പലർക്കും പരസ്പരം അറിയില്ല. ടിഡിവൈ വാട്സാപ് ഗ്രൂപ്പിലൂടെയാണ് പരിചയപ്പെട്ടതും സന്ദേശങ്ങൾ കൈമാറിയതും. കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നതിന് മൂന്നു മണിക്കൂർ മുമ്പുമാത്രമാണ് വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത്. കരുതലോടെയായിരുന്നു നീക്കം. ഒരു വാഹനത്തിലുള്ളവർ പിടിക്കപ്പെട്ടാലും മറ്റുള്ളവർ രക്ഷപ്പെടുന്ന രീതിയിലായിരുന്നു ആസൂത്രണം. ബൊലേറോ കാർ അപകടത്തിൽപ്പെട്ടതോടെ എല്ലാം തകിടംമറിഞ്ഞു. അറസ്റ്റിലായവർ മഞ്ചേരി സബ്ജയിലിലാണ്. ഇവരെ അടുത്തദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.