തിരുവനന്തപുരം
ആകെ ലഭിച്ച 1.24(1,24,01,800) കോടി ഡോസ് വാക്സിനെ 1.27 (1,27,59,404) കോടി ഡോസായി വിതരണം ചെയ്ത് കേരള മാതൃക. ലഭിച്ചതിനേക്കാൾ 3.5ലക്ഷം ഡോസാണ് കേരളം അധികം നൽകിയത്. കുത്തിവയ്പ്പ് സമയത്ത് നഷ്ടമാകാനിടയുള്ള വാക്സിനടക്കം സംസ്ഥാനത്തെ നേഴ്സുമാർ കരുതലോടെ ഉപയോഗിച്ചതാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
അനുഭവ സമ്പത്തും ആത്മാർഥതയുമുള്ള ഈ ആരോഗ്യപ്രവർത്തകരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു . മറ്റ് സംസ്ഥാനങ്ങൾ ലഭിച്ച വാക്സിൻ പോലും പാഴാക്കിയപ്പോഴാണ് കേരളത്തിന്റെ ഈ മികവ് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് 1,00,69,673 പേർ ആദ്യ ഡോസും 26,89,731 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
മുന്നിൽ സ്ത്രീകൾ
51,99,069 സ്ത്രീകളും 48,68,860 പുരുഷന്മാരും ഇതുവരെ വാക്സിനെടുത്തത്. 18നും 44നും ഇടയ്ക്ക് പ്രായമുള്ള 22,68,228 പേരും 45നും 60നും ഇടയ്ക്കുള്ള 37,94,936 പേരും 60 വയസ്സിന് മുകളിലുള്ള 39,93,967 പേർക്കും വാക്സിൻ ലഭിച്ചു. തിങ്കളാഴ്ച 2.62 ലക്ഷവും ചൊവ്വാഴ്ച 2.30 ലക്ഷം ഡോസ് വാക്സിനുമാണ് വിതരണം ചെയ്തത്.















