ബുഡാപെസ്റ്റ്
പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരനെന്ന അതുല്യനേട്ടത്തിനൊപ്പമെത്തി. ഫ്രാൻസിനെതിരെ നേടിയ രണ്ട് പെനൽറ്റി ഗോളുകളാണ് ഇറാന്റെ അലി ദേയിക്കൊപ്പമെത്തിച്ചത്–- 109 ഗോൾ. അവസാന 45 കളിയിൽ പോർച്ചുഗീസ് കുപ്പായത്തിൽ 48 ഗോളാണ് നേടിയത്. മത്സരം 2–-2 സമനിലയായി.
ആവേശകരമായ പോരാട്ടത്തിലാണ് പോർച്ചുഗലിന്റെയും റൊണാൾഡോയുടെയും നേട്ടം. ഫ്രഞ്ച് ഗോളി ഹ്യൂഗോ ലൊറസ് പന്ത് കുത്തിയകറ്റിയത് പോർച്ചുഗലിന്റെ ഡാനിലോയുടെ തലക്കായി. ഫൗളിന് വിധിച്ച പെനൽറ്റി റൊണാൾഡോ വലയിലെത്തിച്ചു. ഇടവേളക്കു പിരിയും മുമ്പെ ബെൻസമ സമനിലനേടി. കിലിയൻ എംബാപെയെ വീഴ്ത്തിയതിനാണ് പെനൽറ്റി. രണ്ടാം പകുതി തുടങ്ങി ഉടൻ പോഗ്ബ കൈമാറിയ പന്തിൽ ബെൻസമ ലീഡ് നേടി. എന്നാൽ ജൂൽസ് കൗണ്ടേയുടെ കൈയിൽ പന്ത് തട്ടിയതിന് വീണ്ടും പോർച്ചുഗലിന് പെനൽറ്റി. ഇക്കുറിയും റൊണാൾഡോക്ക് പിഴച്ചില്ല.
ഹംഗറിക്കെതിരെ ഇരട്ടഗോളടിച്ച് യൂറോയിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി–- 14 ഗോൾ. ഏറ്റവും കൂടുതൽ യൂറോ കപ്പുകളിൽ കളിച്ച താരം 5 (2004, 2008, 2012, 2016, 2020). 2004 ജൂൺ 12ന് ഗ്രീസിനെതിരായ മത്സരത്തിൽ അരങ്ങേറ്റം. ഗോളടിച്ചായിരുന്നു തുടക്കം.