സെവിയ്യ
ഗോളെവിടെ എന്ന് ചോദ്യത്തിന് സ്ലൊവാക്യയുടെ വലനിറച്ച് സ്പെയ്നിന്റെ മറുപടി. യൂറോയിൽ ആദ്യ രണ്ട് കളിയിൽ സമനിലയുമായി ഇഴഞ്ഞുനീങ്ങിയ ലൂയിസ് എൻറിക്വെയുടെ സംഘം ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ അടിച്ചുകൂട്ടിയത് അഞ്ച് ഗോൾ. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായിട്ടാണ് സ്പെയ്ൻ കടന്നത്. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയാണ് എതിരാളികൾ.
പെനൽറ്റി പാഴാക്കി തുടങ്ങിയ സ്പെയ്നിന് സ്ലൊവാക്യൻ ഗോൾ കീപ്പർ മാർട്ടിൻ ദുബ്രാവ്കയുടെ പിഴവുഗോളിലൂടെയാണ് ലീഡ് കിട്ടിയത്. പിന്നെ തിരിഞ്ഞുനോക്കിയില്ല. ദുബ്രാവയ്ക്കയെ പിഴവിലേക്ക് വീഴ്ത്തിയ പാബ്ലോ സറാബിയായിരുന്നു കളംപിടിച്ചത്. ഒരു ഗോളടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. അയ്മറിക് ലപോർട്ടെ, പകരക്കാരനായെത്തിയ ഫെറാൻ ടോറെസ് എന്നിവരും മുൻ ചാമ്പ്യൻമാർക്കായി ലക്ഷ്യം കണ്ടു. അഞ്ചാമത്തേത് സ്ലൊവാക്യൻ താരം കുക്കയുടെ പിഴവു ഗോളായിരുന്നു.
സ്പെയ്നിന് തുടക്കത്തിൽ കിട്ടിയ പെനൽറ്റി അൽവാരോ മൊറാട്ട പാഴാക്കുകയായിരുന്നു. പോളണ്ടുമായുള്ള കളിയിലും സ്പെയ്ൻ പെനൽറ്റി പാഴാക്കിയിരുന്നു.