ന്യൂഡൽഹി
ജമ്മു കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗം വ്യാഴാഴ്ച ഡൽഹിയിൽ ചേരും. ജമ്മു -കശ്മീരിലെ എട്ട് രാഷ്ട്രീയ പാർടിയിൽനിന്നായി 14 നേതാക്കളെയാണ് കേന്ദ്രം ചർച്ചയ്ക്ക് ക്ഷണിച്ചത്. ജമ്മു കശ്മീരിൽ തുടങ്ങിവച്ച മണ്ഡല പുനർനിർണയമാണ് മുഖ്യചർച്ചാ വിഷയം. സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും ഉയർന്നുവരും. പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്ന് ഗുപ്കാർ സഖ്യം പാർടികൾ അറിയിച്ചിരുന്നു. എന്നാൽ, പ്രത്യേക പദവി വിഷയം കോൺഗ്രസ് ഉന്നയിക്കില്ല.
യോഗം മുൻനിർത്തി ജമ്മു കശ്മീരിൽ 48 മണിക്കൂർ ജാഗ്രത പ്രഖ്യാപിച്ചു. താഴ്വരയിൽ ഇന്റർനെറ്റ് സേവനങ്ങൾ വ്യാഴാഴ്ച വിലക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ചർച്ചയിൽ പങ്കെടുക്കാൻ നേതാക്കൾ ഡൽഹിയിൽ എത്തി. ജമ്മു -കശ്മീരിലെ മണ്ഡല പുനർനിർണയം ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പുകമീഷൻ ബുധനാഴ്ച പ്രത്യേക യോഗം ചേർന്നു. ജമ്മു കശ്മീരിൽനിന്നുള്ള 20 ഡെപ്യൂട്ടി കമീഷണർമാർ പങ്കെടുത്തു.
ഗുപ്കാർ സഖ്യത്തെ പ്രതിനിധാനംചെയ്ത് നാഷണൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിൽനിന്ന് ഗുലാംനബി ആസാദ്, പിസിസി അധ്യക്ഷൻ ജി എ മിർ, താരാചന്ദ് എന്നിവരും ബിജെപിയുടെ രവീന്ദർ റെയ്ന, കവീന്ദർ ഗുപ്ത, നിർമൽ സിങ് എന്നിവരും പങ്കെടുക്കും.
പീപ്പിൾസ് കോൺഫറൻസിന്റെ സജാദ് ലോൺ, മുസഫർ ഹുസൈൻ ബെയ്ഗ് അപ്നി പാർടിയുടെ അൽത്താഫ് ബുഖാരി, പാന്തേഴ്സ് പാർടിയുടെ ഭീം സിങ് എന്നിവർക്കും ക്ഷണമുണ്ട്.