ന്യൂഡൽഹി
കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ നാൽപ്പതിലേറെയായി. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കു പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലും ഡെൽറ്റ പ്ലസ് കണ്ടെത്തി. കോവിഡ് വൈറസുകളിലെ ജനിതകവ്യതിയാനം കണ്ടെത്താനുള്ള ലാബുകളുടെ കൂട്ടായ്മയായ ഇൻസകോഗ് 45,000ത്തോളം സാമ്പിൾ പരിശോധിച്ചതിലാണ് ഇത് വ്യക്തമായത്.
പുതിയ വൈറസ് വകഭേദമായതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം കഴിഞ്ഞദിവസം മഹാരാഷ്ട്രയെയും കേരളത്തെയും മധ്യപ്രദേശിനെയും അറിയിച്ചിരുന്നു. മഹാരാഷ്ട്രയിൽ 21 ഡെൽറ്റ പ്ലസ് ബാധിതരുണ്ട്. മധ്യപ്രദേശിൽ ആറും കേരളത്തിലും തമിഴ്നാട്ടിലും മൂന്നു വിതവും ഉണ്ട്. കർണാടകയിൽ രണ്ടു കേസും പഞ്ചാബ്, ആന്ധ്ര, ജമ്മു എന്നിവിടങ്ങളിൽ ഓരോന്നും റിപ്പോർട്ടുചെയ്തു. കേരളത്തിൽ ഡെൽറ്റ പ്ലസ് ബാധിച്ചവരിൽ നാലു വയസ്സുകാരിയുമുണ്ട്.
ബി.1.617.2 വൈറസ് വകഭേദമായ ഡെൽറ്റ ഇനമാണ് ഇന്ത്യയിൽ തീവ്രമായ രണ്ടാം കോവിഡ് വ്യാപനത്തിനു വഴിവച്ചത്. ഡെൽറ്റ ഇനത്തിൽ സംഭവിക്കുന്ന എവൈ.1 വ്യതിയാനമാണ് ഡെൽറ്റ പ്ലസ്. കൂടുതൽ വ്യാപനശേഷിയും ശ്വാസകോശത്തിലെ റിസപ്റ്ററുകളിൽ കൂടുതൽ ഒട്ടിച്ചേരുന്നതും മോണോക്ലോണൽ ആന്റിബോഡി ചികിൽസയോടുള്ള കുറഞ്ഞ പ്രതികരണവും ഡെൽറ്റ പ്ലസിന്റെ സവിശേഷതകളാണ്. നിലവിലെ ചികിൽസാ രീതികളെ ചെറുക്കാൻ ഡെൽറ്റ പ്ലസിനാകും. നിലവിലെ വാക്സിനുകൾ ഈ വൈറസിനെതിരെ ഫലപ്രദമാണോയെന്ന ആശങ്കയുമുണ്ട്. ഡെൽറ്റ വൈറസിനെ വാക്സിനുകൾ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിരുന്നു. അമേരിക്ക, ബ്രിട്ടൻ, പോർച്ചുഗൽ, സ്വീഡൻ, ജപ്പാൻ, പോളണ്ട്, റഷ്യ, ചൈന എന്നിവിടങ്ങളിലും ഡെൽറ്റ പ്ലസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.