മ്യൂണിക്
ജർമനിക്ക് ആശ്വാസം. ഹംഗേറിയൻ പൂട്ടിൽ ഒന്നുപിടഞ്ഞെങ്കിലും ജർമനി ജീവൻ വീണ്ടെടുത്തു. യൂറോ കപ്പ് ഫുട്ബോളിൽ ഹംഗറിയോട് സമനില വഴങ്ങിയെങ്കിലും മുൻ ചാമ്പ്യൻമാർ പ്രീ ക്വാർട്ടറിൽ കടന്നു (2–-2). പുറത്താകൽ മുന്നിൽകണ്ടായിരുന്നു മഹാഭൂരിപക്ഷം സമയവും ജ്വോകിം ലോയുടെ ടീം പന്തുതട്ടിയത്. രണ്ടുവട്ടം പിന്നിൽനിന്നു. കളി തീരാൻ ആറ് മിനിറ്റ് മാത്രം ബാക്കിനിൽക്കേ ലിയോൺ ഗൊറെസ്ക ജർമനിക്ക് ജീവവായു നൽകി.
ആവനാഴിയിലെ അസ്ത്രങ്ങൾ എല്ലാമെടുത്ത് പ്രയോഗിച്ച ഹംഗറിയുടെ നീക്കം ജർമനിയെ വിറപ്പിച്ചു. ഓരോ മിനിറ്റും ത്രസിപ്പിച്ച കളിയായിരുന്നു മ്യൂണിക്കിലേത്. സമനില മതിയായിരുന്നു ജർമനിക്ക് പ്രീ ക്വാർട്ടറിലേക്ക്. പതിനൊന്നാം മിനിറ്റിൽ ആദം സലായി സ്റ്റേഡിയത്തെ നിശബ്ദമാക്കി ആദ്യ വെടിപൊട്ടിച്ചു. തുടക്കത്തിലുള്ള അപ്രതീക്ഷിത അടിയിൽ ജർമനി ശരിക്കും കുലുങ്ങി. ജോക്വിം ലോയുടെ ജർമൻ പ്രതിരോധം ആടിയുലഞ്ഞു. പന്തിലും പാസിലും മുന്നിൽ നിന്നെങ്കിലും ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ സംഘമായ ഹംഗേറിയൻ വല കാണാൻ പേരുകേട്ട ജർമൻ നിരയ്ക്ക് കഴിഞ്ഞില്ല. ലക്ഷ്യത്തിലേക്ക് അയച്ച പന്തുകളെല്ലാം പിഴച്ചു.
രണ്ടാം പകുതി കളി മുറുകി. ജർമനിയുടെ നിരന്തരമായ ആക്രമണത്തിന് ഒടുവിൽ ഫലമുണ്ടായി. കയ് ഹവേർട്സ് ലക്ഷ്യം കണ്ടു. ആശ്വസിക്കാൻ സമയമുണ്ടായില്ല ജർമൻ പടയ്ക്ക്. ആൻഡ്രാസ് ഷാഫെർ മിനിറ്റുകൾക്കകം തിരിച്ചടിച്ചു. ജർമനിക്ക് വീണ്ടും നീറി. മ്യൂണിക്കിനെ ആകെ ആശ്വസിപ്പിച്ച് 84–-ാം മിനിറ്റിൽ ഗൊറെസ്ക അഭിമാന ഗോൾ കുറിച്ചു.
ഇംഗ്ലണ്ടാണ് പ്രീ ക്വാർട്ടറിൽ ജർമനിയുടെ എതിരാളി.