ബീജിങ്
ചൈനീസ് കമ്യൂണിസ്റ്റ് പാർടി (സിപിസി) സ്ഥാപിച്ചതിന്റെ നൂറാം വാർഷികാഘോഷത്തിനായി ചൈനയിൽ വിപുലമായ ഒരുക്കങ്ങൾ. ഇതിന്റെ ഭാഗമായി ബീജിങ്ങിലെ പ്രധാന ആകർഷണകേന്ദ്രമായ ടിയാനൻമെൻ സ്ക്വയർ അടച്ചു. ജൂലൈ രണ്ടുവരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. വിപ്ലവ നായകൻ മാവോയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ക്വയറിലെ തുറന്ന മൈതാനിയിൽ കസേരകൾ നിരത്തലടക്കം തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.
ആഭ്യന്തര യുദ്ധവും വിപ്ലവത്തിന്റെ തുടക്കം മുതലുള്ള ദുഷ്പ്രചാരണങ്ങളും അതിജീവിച്ച് ലോകത്തെ വൻശക്തിയായി വളർന്ന രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാന നിമിഷങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. ജൂലൈ ഒന്നിന്റെ ആഘോഷത്തിനായി വിലക്കപ്പെട്ട നഗരം ഉൾപ്പെടെ പ്രധാനകേന്ദ്രങ്ങളെല്ലാം അടച്ചിട്ടുണ്ട്. സൈനികാഭ്യാസം ഉൾപ്പെടെ ഉണ്ടാവുമെന്ന് റിപ്പോർട്ടുണ്ട്. വിവിധ പരിപാടികൾക്ക് തുടക്കമായി.
ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് മാധ്യമപ്രവർത്തകർ എത്തുന്നതിനാൽ മീഡിയ സെന്റർ 26ന് തുറക്കും. വെബ്സൈറ്റും വി ചാറ്റ് അക്കൗണ്ടും തുടങ്ങും. മികച്ച പാർടി പ്രവർത്തകർക്കായി ആദ്യമായി സിപിസി കേന്ദ്ര കമ്മിറ്റി ഏർപ്പെടുത്തിയ മെഡലും ആഘോഷവേദിയിൽ വിതരണം ചെയ്യും. 1912ലെ ക്വിങ് രാജവംശത്തിന്റെ പതനത്തിനുശേഷം 1921ലാണ് അതീവരഹസ്യമായി പാർടി രൂപീകരിച്ചത്. ഷാൻഹായിലെ പെൺകുട്ടികളുടെ വിദ്യാലയത്തിലായിരുന്നു ആദ്യ യോഗം.