കൊച്ചി: മജിസ്ട്രേട്ട് കോടതിയിലെ ബഞ്ച് ക്ലാർക്കായി ഔദ്യോഗിക ജീവിതം തുടങ്ങിയ കൊല്ലം മൈലക്കാട് സ്വദേശി ബദറുദ്ദീൻ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. നിയമനം സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവ് വിജ്ഞാപനമായി പ്രസിദ്ധീകരിച്ചു.
ഇപ്പോൾ ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയാണ് അദ്ദേഹം. കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയുമാണ് അദ്ദേഹം വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി പിന്നിട്ട് ഇപ്പോൾ ഹൈക്കോടതി ജഡ്ജിയുടെ അത്യുന്നത പദവിയിൽ എത്തുന്നത്.
കൊല്ലം മൈലക്കാട് അബ്ദുൾ റഹിം മുസലിയാരുടെ മകനായ ബദറുദ്ദീൻ മജിസ്ട്രേറ്റ് കോടതിയിൽ ബഞ്ച് ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് എൽഎൽബി പഠിച്ച് ജയിച്ചു. വക്കീലായി പ്രാക്ടീസ് തുടങ്ങി. അതിനുശേഷം ജില്ലാ ജഡ്ജി നിയമനത്തിനുള്ള പരീക്ഷ എഴുതി വിജയിച്ചു. തൃശ്ശൂരും തിരുവനന്തപുരത്തും ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എളിയ നിലയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച് കഠിനാധ്വാനത്തിലൂടെ ഹൈക്കോടതി ജഡ്ജിയാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് ബദറുദ്ദീൻ.
മുൻ ഹൈക്കോടതി ജഡ്ജി കെ.കെ ദിനേശൻ പൊന്നാനി മജിസ്ട്രേറ്റ് കോടതിയിൽ ബഞ്ച് ക്ലാർക്കായിരുന്നു. പിന്നീട് നിയമ ബിരുദമെടുത്ത് വക്കീലായി പ്രാക്ടീസ് തുടങ്ങി. ജഡ്ജിയുമായി. ജസ്റ്റിസ് കെ.എ അബ്ദുൾ ഗഫൂർ എറണാകുളത്ത് ടെലഫോൺ എക്സ്ചേഞ്ചിൽ ഓപ്പറേറ്ററായിരുന്നു. ജസ്റ്റിസ് ടി.കെ ചന്ദ്രശേഖർ ദാസ് കാഞ്ഞങ്ങാട്ട് വക്കീൽ ഗുമസ്ഥനായിരുന്നു. ജസ്റ്റിസ് ജി ശിവരാജൻ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ ക്ലാർക്കായിരുന്നു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാടിയ മുംബൈയിൽ ഒരു വക്കീൽ ഓഫീസിൽ ആദ്യം ക്ലാർക്കായിരുന്നു.
വൈശിഷ്ട്യവും ആത്മാർഥമായ സമീപനവും തൊഴിലിനോടുള്ള പ്രതിബദ്ധതയും നിഷ്പക്ഷതയുംകൊണ്ട് ശ്രദ്ധേയനായ ന്യായാധിപനാണ് ഇപ്പോൾ ഹൈക്കോടതി ജഡ്ജിയാകുന്ന ബദറുദ്ദീൻ.
Content Highlights:Bench clark High Court judge